ഇസ്താംബൂൾ സ്ഫോടനക്കേസിലെ പ്രതി പിടിയിലെന്ന് റിപ്പോർട്ട്

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ ആറ് പേരുടെ മരണത്തിനിടയാക്കിയ സ്ഫോടനക്കേസിലെ പ്രതി പിടിയിൽ. ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്ലുവിനെ ഉദ്ധരിച്ച് ഒരു വാർത്താ ഏജൻസിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഞായറാഴ്ച ഇസ്താംബൂളിൽ നടന്ന സ്ഫോടനത്തിൽ 81 പേർക്ക് പരിക്കേറ്റിരുന്നു. സ്ഫോടനത്തിൽ തീവ്രവാദം മണക്കുന്നുണ്ടെന്ന് തുർക്കി പ്രസിഡന്‍റ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞിരുന്നു.

ഇസ്താംബൂളിലെ തിരക്കേറിയ ഷോപ്പിംഗ് സ്ട്രീറ്റായ ഇസ്‌തിക്‌ലാലിലാണ് സ്ഫോടനം നടന്നത്. സ്ഫോടനം ഭീകരാക്രമണമാണെന്നായിരുന്നു പ്രാഥമിക വിവരം. ഇതിന് പിന്നാലെയായിരുന്നു പ്രസിഡന്‍റിന്‍റെ പ്രതികരണം. സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താൻ സുരക്ഷാ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് നഗര ഹൃദയത്തിലെ തിരക്കേറിയ ഇസ്‌തിക്‌ലാൽ സ്ട്രീറ്റിൽ സ്ഫോടനം നടന്നത്. സ്ഫോടനം നടന്നയുടൻ പോലീസ് പ്രദേശം വളഞ്ഞു.  

വലിയ ശബ്ദത്തോടെയാണ് സ്ഫോടനം നടന്നതെന്നും പ്രദേശത്ത് കറുത്ത പുക മൂടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. സ്ഫോടനത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സ്ഫോടനത്തെ തുടർന്ന് സ്ഥലത്ത് ഒരു വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. 2015-16 കാലയളവിൽ ഇസ്താംബൂൾ നഗരത്തിൽ നിരവധി സ്ഫോടനങ്ങൾ നടന്നിരുന്നു. അന്നത്തെ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റാണ് ഏറ്റെടുത്തത്. ആക്രമണങ്ങളിൽ 500 ഓളം പേർ കൊല്ലപ്പെടുകയും രണ്ടായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.