ഭഗവൽ സിംഗ് പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ല, ആരായാലും കർശന നടപടിയെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: കേരളത്തെ നടുക്കിയ നരബലി കേസിലെ പ്രതിയായ ഭഗവൽ സിംഗ് സി.പി.എം അംഗമാണോ എന്നതിന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമായ ഉത്തരം നൽകിയില്ല. ആർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭഗവൽ സിംഗ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ടെന്നും സി.പി.എമ്മിന്‍റെയും അനുബന്ധ സംഘടനയുടെയും പരിപാടികളിൽ സജീവ പങ്കാളിയായിരുന്നുവെന്നും സോഷ്യൽ മീഡിയയിൽ നിരവധി പേര്‍ വ്യക്തമാക്കിയിരുന്നു.

പ്രതികൾക്ക് സി.പി.എമ്മുമായുള്ള ബന്ധത്തെക്കുറിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും ആരോപണം ഉന്നയിച്ചിരുന്നു.

നരബലി ഫ്യൂഡൽ ജീർണതയുടെ ഭാഗമാണെന്നും കർശന നിലപാട് വേണമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇതിനെതിരെ കർശനമായ ബോധവൽക്കരണം ഉണ്ടാകണം. ഇത്തരം ദുഷ്പ്രവണതകൾ നിയമനിർമ്മാണത്തിലൂടെ മാത്രം ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ പൂജ കഴിക്കുന്നു. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമ നിർമാണത്തിന് സിപിഎമ്മിന് അനുകൂല നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.