ബിഹാറിൽ 35 സീറ്റ് പിടിക്കണം ; അമിത് ഷായുടെ പ്രത്യേക നിര്‍ദേശം
പട്‌ന: ബിഹാറിൽ ലോക്സഭാ തിരഞ്ഞെടുപ്പിന് നേരത്തെ തയ്യാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. നിതീഷ് കുമാർ പ്രതിപക്ഷത്തിനൊപ്പം ചേർന്നതിന് ശേഷം അധികാരം നഷ്ടമായ സാഹചര്യത്തിലാണ് ബിജെപിയുടെ തയ്യാറെടുപ്പുകൾ. മറ്റ് പാർട്ടികളെ ഒറ്റയ്ക്ക് നേരിടേണ്ട അവസ്ഥയിലാണ് ബിഹാറിലെ ബി.ജെ.പി. എല്ലാ പാർട്ടികളും ഒരു പക്ഷത്തേക്ക് മാറിയ സാഹചര്യത്തിൽ ബിജെപി ലക്ഷ്യം കാണുമോ എന്ന് സംശയമാണ്. 35 സീറ്റുകളിൽ വിജയിക്കാൻ അമിത് ഷാ ബിജെപി സംസ്ഥാന നേതാക്കൾക്ക് നിർദേശം നൽകി.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റൊഴികെ 39 സീറ്റുകളിലും എൻഡിഎ വിജയിച്ചിരുന്നു. എന്നാൽ ജെഡിയു പ്രതിപക്ഷവുമായി കൈകോർത്തതോടെ ഉജ്ജ്വല വിജയം നേടാൻ സാധിക്കുമോ എന്ന് സംശയമാണ്. അധികാരം നഷ്ടപ്പെട്ടതിന് പിന്നാലെ ബിഹാർ വിഷയം ചർച്ച ചെയ്യാൻ കേന്ദ്ര-സംസ്ഥാന നേതാക്കൾ ഡൽഹിയിൽ പ്രത്യേക യോഗം ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ, ബീഹാർ ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ, ബിഎൽ സന്തോഷ്, രവിശങ്കർ പ്രസാദ്, ഷാനവാസ് ഹുസൈൻ, മംഗൾ പാണ്ഡെ, ജനക് റാം, നന്ദ കിഷോർ യാദവ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഈ യോഗത്തിലാണ് അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 35 സീറ്റുകൾ നേടാൻ സാധിക്കണമെന്ന് തീരുമാനിച്ചത്.