എൻഎസ്എസിന് വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനം; പോസ്റ്റിട്ട് പ്രിയ വര്‍ഗീസ്

കൊച്ചി: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറുടെ നിയമനത്തെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ പ്രിയ വർഗീസ് ഫേസ്ബുക്കിൽ പരിഹസിച്ച് പോസ്റ്റിട്ടു. നാഷണല്‍ സര്‍വീസ് സ്‌കീമിനുവേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രം എന്ന് പ്രിയ വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു. അത് ഞാനല്ല പക്ഷേ നിങ്ങളാണ് എന്ന് എഴുതിയ എന്‍.എസ്.എസ്സിന്റെ ചിത്രവും കുറിപ്പിനൊപ്പം അവർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് വാർത്തയായതോടെ പ്രിയ വർഗീസ് പോസ്റ്റ് പിന്‍വലിച്ചു.

അധ്യാപന പരിചയമെന്നത് ഒരു കെട്ടുകഥയല്ല, അത് യാഥാർത്ഥ്യമാകണം. എൻ.എസ്.എസ് കോർഡിനേറ്റർ തസ്തികയിൽ ഇരുന്ന് കുഴി വെട്ടാൻ പറയുന്നത് അധ്യാപനാനുഭവമല്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. ഡെപ്യൂട്ടേഷൻ സമയത്ത് പ്രിയ വർഗീസ് എന്താണ് പഠിപ്പിച്ചതെന്നും കേസ് പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു.

തനിക്ക് 10 വർഷത്തെ അധ്യാപന പരിചയമുണ്ടെന്നായിരുന്നു പ്രിയ വർഗീസിൻ്റെ വാദം. അതേസമയം, ഗവേഷണ കാലയളവ് അധ്യാപനമായി കാണാനാവില്ലെന്ന് യുജിസി കോടതിയെ അറിയിച്ചു.