സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നത് ഉചിതമെന്ന് മല്ലിക സാരാഭായ്
അഹമ്മദാബാദ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾ രാഷ്ട്രീയക്കാർ ഭരിക്കരുതെന്ന് കലാമണ്ഡലം കൽപിത സർവകലാശാല നിയുക്ത ചാൻസലർ മല്ലിക സാരാഭായി. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതാണ് ഉചിതം. കലാകാരൻമാരും വിദ്യാഭ്യാസ വിദഗ്ധരും ചാൻസലർമാരാകുന്നത് ഗുണപ്രദമാകും. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണത്തിൽ കഴമ്പുണ്ട്. വള്ളത്തോളിന്‍റെ കലാമണ്ഡലം എന്ന സ്വപ്നം സാക്ഷാത്കരിക്കുകയാണ് തന്‍റെ ലക്ഷ്യമെന്ന് മല്ലിക സാരാഭായി പറഞ്ഞു.
പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞനായ വിക്രം സാരാഭായിയുടെയും പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും മകളായ മല്ലികയെ കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി സംസ്ഥാന സർക്കാർ നിയമിച്ചത് ഇന്നലെയാണ്. കുച്ചിപ്പുടി, ഭരതനാട്യം എന്നിവയിൽ പ്രാവീണ്യം നേടിയ അവർ അഭിനേത്രി, നാടകകൃത്ത്, സംവിധായിക എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സാമൂഹിക ഇടപെടലുകളിലൂടെ ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. മല്ലികയുടെ മേൽനോട്ടത്തിൽ അഹമ്മദാബാദിലെ ദർപണ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സും പ്രശസ്തമാണ്. രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ അവാർഡും നേടിയിട്ടുണ്ട്.