വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് തലവരിപ്പണം വാങ്ങുന്നത് നിയമവിരുദ്ധമെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസ് ആർ മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്നദ്ധ സംഘടനകൾക്ക് നികുതി ഇളവ് അനുവദിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ആദായനികുതി വകുപ്പ് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾക്ക് നികുതി ഇളവ് അനുവദിച്ച ഉത്തരവും കോടതി റദ്ദാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ധപ്പെട്ട സന്നദ്ധ സംഘടനകൾ വഴി വിദ്യാർത്ഥികളിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് കോടതി പറഞ്ഞു. വിദ്യാഭ്യാസം ഒരു കച്ചവടമല്ലെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവർ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന തത്വങ്ങൾ പാലിക്കണമെന്നും കോടതി പറഞ്ഞു.

സന്നദ്ധ സംഘടനകൾ വഴി തലവരിപ്പണം വാങ്ങുന്നതിലൂടെ ഇരട്ട നികുതിയിളവ് ലഭിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. സന്നദ്ധ സംഘടനകൾ സംഭാവനയെന്ന പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങും. ഈ പണത്തിന് നികുതി ഇളവ് ലഭിക്കും. തുടർന്ന് ഈ പണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന പണത്തിന് വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയിൽ വീണ്ടും നികുതി ഇളവ് ലഭിക്കുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.