നിർമ്മിച്ചിരിക്കുന്നത് പുല്ല് കൊണ്ട്; നൂറുകണക്കിന് ആളുകൾ സഞ്ചരിച്ച പെറുവിലെ അത്ഭുതപ്പാലം

പെറു: പലപ്പോഴും മനുഷ്യന്റെ നിർമിതികൾ പലതും നമ്മളിൽ ആവേശവും അത്ഭുതവും നിറയ്ക്കുന്നവയാണ്. അത്തരത്തിൽ ഒരു അത്ഭുതമാകുകയാണ് പെറുവിലെ തൂക്കുപാലങ്ങൾ. ഒരു തൂക്ക് പാലത്തിന് എന്തായിരിക്കും ഇത്ര പ്രത്യേകത എന്നല്ലേ.. പുല്ല് ഉപയോഗിച്ചാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. പുല്ല് കൊണ്ട് നിർമിച്ചിരിക്കുന്ന ഈ പാലത്തിലൂടെ ആർക്കെങ്കിലും സഞ്ചരിക്കാൻ കഴിയുമോ എന്ന് കരുതാം. എന്നാൽ വർഷങ്ങൾക്ക് മുമ്പ് മനുഷ്യർ മാത്രമല്ല സാധനങ്ങൾ പേറികൊണ്ട് മൃഗങ്ങൾ വരെ ഈ പാലത്തിലൂടെ നടന്നിരുന്നത്രെ.

പെറുവിലെ ഒരു വിഭാഗം ഗോത്രത്തിൽപ്പെട്ട ആളുകളാണ് ഈ പാലത്തിന്റെ നിർമ്മാണത്തിനു പിന്നിൽ. ‘ഇച്ചു’ എന്ന ഒരു തരം പുൽച്ചെടിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ഒരു തരത്തിലുള്ള യന്ത്രങ്ങളുടെ സഹായവുമില്ലാതെ ഇവ പൂർണ്ണമായും കൈകൊണ്ടാണ് നിർമ്മിക്കുന്നത്.

ഇച്ചു പുല്ലുകൾ കൂട്ടമായി എടുത്ത് ശക്തി ഉറപ്പാക്കിയാണ് പാലം നിർമിക്കുക. ഓരോ വർഷവും പാലത്തിന്റെ കേടായ ഭാഗങ്ങൾ മുറിച്ചുമാറ്റാനും അവർ ശ്രദ്ധിച്ചിരുന്നു. അതിനാൽ, വർഷങ്ങളോളം കേടുകൂടാതെ നിന്ന ഈ പുൽപ്പാലങ്ങൾ ഇവിടുത്തെ ആളുകൾ ഗതാഗത മാർഗമായി ഉപയോഗിച്ചിരുന്നു.