കോടതിയുടെ കൊളോണിയൽ കാല സമയക്രമം പുനക്രമീകരിക്കേണ്ടത് അനിവാര്യം: വി മുരളീധരൻ

കൊച്ചി: കൊളോണിയൽ കാലഘട്ടത്തിലെ ജഡ്ജിമാർക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാൻ രണ്ട് മാസത്തെ അവധി പ്രഖ്യാപിച്ച പ്രാകൃത നിയമം മാറ്റണമെന്നും പാശ്ചാത്യവൽക്കരിക്കലല്ല ആധുനികത എന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ രാജാറാം മോഹൻ റോയിയുടെ 250-ാം ജയന്തി ആഘോഷ വേളയിലായിരുന്നു മുരളീധരന്‍റെ പരാമർശം.

പഞ്ചായത്ത് മുതൽ മുകളിലേക്ക് ഉള്ള എല്ലാ സംവിധാനങ്ങളും അവധിയില്ലാതെ സമൂഹത്തിനായി പ്രവർത്തിക്കുമ്പോൾ കോടതികൾ അതേ രീതിയിൽ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സമൂഹത്തിലെ ദുരാചാരങ്ങൾ തുടച്ചുനീക്കണമെന്ന് കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. ആത്മീയതയും ബൗദ്ധികതയും സമന്വയിപ്പിക്കുന്ന ദർശനങ്ങളിൽ ഊന്നി ഉപനിഷത്തുകളെ മുറുകെപ്പിടിച്ച് ഉപഗ്രഹങ്ങളിലേക്ക് കുതിക്കാൻ സാധിക്കുന്ന നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.