‘കേവല നിരോധനം കൊണ്ട് പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കാൻ സാധ്യമല്ല’: വി.ഡി സതീശൻ

മലപ്പുറം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോലുള്ള സംഘടനകളെ കേവല നിരോധനം കൊണ്ട് മാത്രം നിയന്ത്രിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള അജണ്ട ആർ.എസ്.എസിനുമുണ്ട്. കോൺഗ്രസ് ഇതിനോട് സമരസപ്പെടില്ലെന്നും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനായാണു ഭാരത് ജോഡോ യാത്ര. ഭിന്നിപ്പിക്കുകയല്ല, ഒന്നിപ്പിക്കലാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും സതീശൻ മലപ്പുറത്ത് പറഞ്ഞു.

“അവരെ നിരോധിക്കണം, നിർത്തേണ്ടിടത്ത് നിർത്തണം. വർഗീയമായ വേർതിരിവ് ഉണ്ടാക്കാൻ പാടില്ല. വെറുപ്പും വിദ്വേഷവും പടർത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവർ നടത്തുന്നത്. അതിനെ ഞങ്ങൾ ചെറുക്കും. രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോൽപ്പിക്കും. കേവല നിരോധനം കൊണ്ടുമാത്രം ഇത്തരം ശക്തികളെ നിയന്ത്രിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്ന തീരുമാനം ഞങ്ങൾ എടുത്തിട്ടുണ്ട്. ആർഎസ്എസിന്റെയും എസ്ഡിപിഐയുടെയുമെല്ലാം നിലനിൽപ്പ് പരസ്പര സഹായങ്ങളോടെയാണ്. ഒരു കാരണവശാലും ഇത്തരം ശക്തികൾ പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല. അവരെ നിർത്തേണ്ടിടത്ത് നിർത്തണം. ഭാരത് ജോഡോ യാത്രയുടെ സന്ദേശം അതാണ്. ഇവരുടെ പ്രവർത്തനങ്ങൾ രാജ്യത്തെ വിഭജിപ്പിക്കാനാണ്. ഭാരജ് ജോഡോ രാജ്യത്തെ ഒന്നിപ്പിക്കും. ആർഎസ്എസും ഇതുപോലെ തന്നെ പ്രവർത്തിക്കുന്ന സംഘടനയാണ്. അവരും ഇതുപോലെ തന്നെയാണ് പ്രവർത്തിക്കുന്നത്” സതീശൻ കൂട്ടിച്ചേർത്തു.