“മഴയെ തുടര്‍ന്നുണ്ടായ സാഹചര്യത്തെ ആശുപത്രിയുടെ പ്രശ്‌നമായി ചിത്രീകരിക്കുന്നത് നിര്‍ഭാഗ്യകര്യം”

അട്ടപ്പാടി: അട്ടപ്പാടിയിലെ കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രശ്നമായി കനത്ത മഴയെ തുടർന്നുണ്ടായ സാഹചര്യം ചിത്രീകരിക്കുന്നത് ദൗർഭാഗ്യകരമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 7 ഗർഭിണികൾ പ്രസവത്തിനായി ഇപ്പോൾ ലേബർ റൂമിലുണ്ട്. 72 കിടപ്പുരോഗികളാണ് ആശുപത്രിയിലുള്ളത്. ഇവർക്ക് ആവശ്യമായ എല്ലാ ചികിത്സകളും നൽകുന്നുണ്ട്. സിസേറിയനും അടിയന്തര ശസ്ത്രക്രിയകളും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും നിർബാധം തുടരും. ഒരു രോഗിയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടില്ല. ഒരു മാസം മുമ്പ് നിശ്ചയിച്ചിരുന്ന ഇലക്ടീവ് സർജറി പുനഃക്രമീകരിച്ചു. ഈ രണ്ട് രോഗികളെയും നാളെയോ മറ്റന്നാളോ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ശസ്ത്രക്രിയ അടുത്ത ദിവസം നടക്കുമെന്നും മന്ത്രി പറഞ്ഞു.

രോഗമുക്തി നേടിയ ശേഷം ആറ് പേരെ (4 പുരുഷൻമാരും 2 സ്ത്രീകളും) ഡിസ്ചാർജ് ചെയ്തു. ഒരു കാൻസർ രോഗി ഗുരുതരാവസ്ഥയിലാണ്. കൂടുതൽ വിദഗ്ധ ചികിത്സ ലഭിക്കുന്നതിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളം ലഭ്യമല്ലാത്തതിന്റെ പേരിലല്ല മാറ്റിയത്.

ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.കൃഷ്ണൻകുട്ടിയുമായും മന്ത്രി കെ. രാധാകൃഷ്ണനുമായും ആശയവിനിമയം നടത്തി. ശിരുവാണിപ്പുഴയിൽനിന്ന് കോട്ടത്തറ ആശുപത്രിയിലേക്ക് വെള്ളമെത്തുന്നുണ്ട്. ഇതിന് ഒരു പ്രത്യേക പൈപ്പ് ലൈനും ഉണ്ട്. കനത്ത മഴയെ തുടർന്ന് പുഴയിലെ വെള്ളം ചെളിനിറഞ്ഞു. ഇതേതുടർന്ന് ഇന്നലെ വൈകിട്ടോടെ (15.07.22) വെള്ളത്തിന്‍റെ ശക്തി കുറഞ്ഞു. ഈ സാഹചര്യത്തില്‍ മോട്ടോര്‍ അടിയന്തിരമായി നന്നാക്കുന്നതിനോടൊപ്പം, രോഗികളെയും, ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളേയും ബാധിക്കാതിരികാനുള്ള ക്രമീകരണങ്ങള്‍ അധികൃതര്‍ ചെയ്തു.