അധ്യക്ഷനാകാൻ പ്രവര്‍ത്തന പരിചയം വേണം; ഖാര്‍ഗെക്കായി പ്രചാരണത്തിനിറങ്ങാൻ ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മല്ലികാർജുൻ ഖാർഗെയ്ക്ക് വേണ്ടി രമേശ് ചെന്നിത്തല എംഎൽഎ പ്രചാരണത്തിനിറങ്ങും. വിവിധ സംസ്ഥാനങ്ങളിൽ ഖാർഗെക്കൊപ്പം അദ്ദേഹം പ്രചാരണം നടത്തും. 7ന് ഗുജറാത്തിലും 8ന് മഹാരാഷ്ട്രയിലും 9, 10 തീയതികളിൽ ആന്ധ്രാപ്രദേശിലുമാണ് പ്രചാരണം. ചെന്നിത്തല നിലവിൽ കോൺഗ്രസിൽ ഔദ്യോഗിക പദവികളൊന്നും വഹിക്കാത്തതിനാൽ പ്രചാരണത്തിനിറങ്ങുന്നത് തിരഞ്ഞെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാകില്ല.
പാര്‍ട്ടി പ്രവര്‍ത്തന പരിചയവും പാരമ്പര്യവും മല്ലികാര്‍ജുൻ ഖാര്‍ഗേക്ക് തന്നെയാണെന്നും അത് കൊണ്ടാണ് അദ്ദേഹത്തെ പിന്തുണക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഞങ്ങളാരും തരൂരിനെ എതിർത്തിട്ടില്ല. മൂന്ന് തവണ പാർലമെന്‍റേറിയനായിരുന്നു അദ്ദേഹം. അദ്ദേഹം കേന്ദ്രമന്ത്രിയുമായി. കേരളത്തിൽ നിന്നുള്ള നേതാക്കളുടെ പിന്തുണയോടെയാണ് ഇതെല്ലാം സംഭവിച്ചത്. എന്നാൽ കോൺഗ്രസ് അദ്ധ്യക്ഷനാകുന്ന ഒരാൾക്ക് പാർട്ടി രംഗത്ത് പ്രവർത്തിച്ച പരിചയം ഉണ്ടായിരിക്കണം. അതുകൊണ്ടാണ് പാർട്ടിയിൽ പരിചയസമ്പത്തുള്ള ഖാർഗെയെ ഞങ്ങൾ പിന്തുണയ്ക്കുന്നത്. ബഹുഭൂരിപക്ഷം പ്രതിനിധികളും ഖാർഗെയെ പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല വിശദീകരിച്ചു.
കേരളത്തിൽ നിന്നുള്ള നേതാക്കൾ തന്നെ എതിർക്കുന്നുവെന്ന തരൂരിന്റെ പ്രസ്താവനയോടും ചെന്നിത്തല പ്രതികരിച്ചു. ദേശീയ കോൺഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മത്സരമാണിതെന്നും കേരളത്തിൽ നിന്ന് പിന്തുണയില്ലെന്ന മട്ടിൽ അതിനെ വിലയിരുത്തരുതെന്നും ചെന്നിത്തല പറഞ്ഞു. ശശി തരൂരിനെ യുവനേതാക്കൾ പിന്തുണയ്ക്കുന്നത് അവരുടെ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു.