ഇന്ത്യയില്‍ മികച്ച കെട്ടിടങ്ങള്‍ നിര്‍മിച്ചത് ബ്രിട്ടിഷുകാർ ; ടിവി അവതാരകനെ വിമർശിച്ച് ശശി തരൂർ

തിരുവനന്തപുരം: ഇന്ത്യയെ പരിഹസിച്ച അമേരിക്കൻ ടെലിവിഷൻ അവതാരകനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ബ്രിട്ടീഷുകാരാണ് ഇന്ത്യയിലെ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചതെന്നും സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിൽ ഇത്തരത്തിൽ ഒന്നുപോലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസൺ പറഞ്ഞത്. ഇതിനെതിരെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിടുമ്പോഴും ബ്രിട്ടീഷുകാർ നിർമ്മിച്ച ബോംബെ റെയിൽവേ സ്റ്റേഷൻ പോലെ ഒരു കെട്ടിടമെങ്കിലും ഇന്ത്യയിൽ ഉണ്ടോ? വിഷമത്തോടെ പറയട്ടെ ഇല്ല എന്ന്. ബ്രിട്ടിഷുകാരെപ്പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ല. – എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ കാൾസൺ പറഞ്ഞു. “ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ അത് പ്രകടിപ്പിക്കാൻ ട്വിറ്ററിൽ ഒരു ബട്ടൺ കൂടി വേണമെന്നാണ് ഞാൻ കരുതുന്നത്. തൽക്കാലം, ഞാൻ ഇതുകൊണ്ട് തൃപ്തിപ്പെടുന്നു,” എന്ന് പറഞ്ഞ് രണ്ട് ദേഷ്യത്തിലുള്ള ഇമോജികളാണ് തരൂര്‍ ട്വീറ്റ് ചെയ്തത്.