ഇന്ന് വൈകീട്ടോടെ മഴ കനക്കും; നാളെ 7 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ടും നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ മഴ ശക്തമാകുമെന്നാണ് പ്രവചനം.

തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ആണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും കൂടുതൽ മഴ ലഭിക്കും. പിന്നീട് വടക്കൻ കേരളത്തിലും മഴ ശക്തമാകും.

നാളെ വയനാടും കാസർകോടും ഒഴികെയുള്ള എല്ലാ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇതിൽ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള 8 ജില്ലകളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 10 ജില്ലകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തീരദേശ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ നിലനില്കുന്ന ചക്രവാതചുഴിയാണ് മഴ സജീവമാകാൻ കാരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.