അതു ‘വ്യാജ’ ക്യാച്ച്, അശ്വിൻ ചതിയനെന്ന് പാക്ക് ആരാധകർ

മെൽബൺ: ടി20 ലോകകപ്പിലെ വാശിയേറിയ മത്സരത്തിൽ ഇന്ത്യയോട് തോറ്റതിന് ശേഷം പാകിസ്താൻ ആരാധകർ അശ്വിനെതിരെ തിരിഞ്ഞിരിക്കുകയാണ്. അശ്വിൻ വഞ്ചകനാണെന്നാണ് പാക് ആരാധകരുടെ വാദം. പാകിസ്ഥാൻ ഇന്നിംഗ്സിന്‍റെ എട്ടാം ഓവറിൽ ഷാൻ മസൂദിന്‍റെ ക്യാച്ചെടുത്ത അശ്വിൻ ഔട്ടിനായി വാദിച്ചതാണ് വിവാദത്തിന് കാരണം.

മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തിലായിരുന്നു സംഭവം. ഷാൻ മസൂദ് ഷോർട്ട് ബോൾ ഫൈൻ ലെഗിലേക്ക് ഉയർത്തി അടിച്ചു. പന്ത് അശ്വിന്‍റെ തൊട്ടുമുന്നിൽ വീണു. മനോഹരമായി ഡൈവ് ചെയ്ത് അശ്വിൻ ക്യാച്ച് എടുത്തെന്നാണ് ആദ്യം കരുതിയത്. ആ സമയത്ത് അശ്വിനും പാക് താരം പുറത്തായെന്ന ധാരണയിലായിരുന്നു. ടിവി അമ്പയർ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അശ്വിൻ ക്യാച്ച് എടുക്കുമ്പോൾ പന്ത് ടർഫിൽ തട്ടിയെന്ന് കണ്ടെത്തി.

പവർപ്ലേ ഓവറുകളിൽ ക്യാപ്റ്റൻ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും നഷ്ടമായ പാകിസ്ഥാന് അമ്പയറുടെ തീരുമാനം ആശ്വാസമായി. ഇതാണ് ഇപ്പോൾ പാകിസ്ഥാൻ ആരാധകർ ചർച്ച ചെയ്യുന്നത്. അശ്വിൻ ചതിയനാണെന്ന് പലരും വാദിക്കുമ്പോൾ, ചിലർ മങ്കാദിങ് വിവാദവും ഇതിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. മങ്കാദിങ്ങിൽ വിക്കറ്റ് വീഴ്ത്തിയത് പോലെ അശ്വിൻ ഒരു നീക്കം നടത്തിയെന്നും പാകിസ്ഥാൻ ബാറ്റ്സ്മാനെ പുറത്താക്കിയതായി നടിച്ചുവെന്നും ആരാധകൻ കമന്‍റ് ചെയ്തു.