ബാലറ്റില്‍ 1 എന്നെഴുതി വോട്ട് ചെയ്യണമെന്നത് ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമെന്ന് തരൂർ

ദില്ലി: വോട്ട് രേഖപ്പെടുത്തുന്ന രീതിക്കെതിരെ വീണ്ടും തിരഞ്ഞെടുപ്പ് കമ്മിറ്റിക്ക് പരാതി നൽകി തരൂർ. “ഒന്ന് (1)എന്നെഴുതുന്നത് ആശയക്കുഴപ്പമുണ്ടാക്കും .ടിക്ക് മാർക്ക് ഇടുന്നതാണ് അഭികാമ്യം.വോട്ട് നൽകാൻ ആഗ്രഹിക്കുന്ന സ്ഥാനാർത്ഥിയുടെ നേർക്ക് 1 എന്നെഴുതണമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നിർദ്ദേശം .ഗുണന ചിഹ്നമോ, ശരി മാർക്കോ ഇട്ടാൽ വോട്ട് അസാധുവാകും”. തരൂർ പറഞ്ഞു. ബാലറ്റ് പേപ്പറിൽ ആദ്യം പേരുള്ള ഖർഗെക്ക് വോട്ട് ചെയ്യാനുള്ള സന്ദേശമാണിതെന്നും തരൂർ കുറ്റപ്പെടുത്തി.

കോൺഗ്രസ് അധ്യക്ഷന്‍റെ തിരഞ്ഞെടുപ്പ് നാളെ നടക്കും. സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെയുടെയും തരൂരിന്റെയും പ്രചാരണം ഇന്ന് അവസാനിക്കും. ഔദ്യോഗിക സ്ഥാനാർത്ഥിയെ കണ്ടെത്താൻ തുടക്കം മുതൽ തന്നെ നാടകീയ നീക്കങ്ങൾ നടന്നിരുന്നു. 80കാരനായ മല്ലികാർജുഖാർഗെയ്ക്കാണ് ഒടുവിൽ നുറുക്ക് വീണത്. ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റാരു നിന്നാലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന തരൂർ ഖാർഗെയെ നേരിടാൻ ഗോദയിലെത്തി.

മല്ലികാർജുൻ ഖാർഗെ ഔദ്യോഗിക സ്ഥാനാർത്ഥിയല്ലെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും പാർട്ടി സംവിധാനങ്ങൾ ഒന്നടങ്കം അദ്ദേഹത്തിന് പിന്നിൽ അണിനിരന്നു. നേതൃത്വത്തിന്‍റെ വിവേചനത്തിനും വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കുമെതിരെ ശശി തരൂരിന് നിരവധി തവണ പ്രതികരിക്കേണ്ടിവന്നു. എന്നാൽ, തിരഞ്ഞെടുപ്പ് കമ്മിറ്റി പരാതികൾ തള്ളി. 

നാളെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്. എഐസിസി, പിസിസികളിലായി 67 ബൂത്തുകളാണുള്ളത്. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്ന രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള വോട്ടർമാർക്കായി ഒരു ബൂത്ത് ഉണ്ട്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ട് ചെയ്യുക. ബാലറ്റ് ബോക്സുകൾ വിമാനമാർഗമാണ് ഡൽഹിയിലേക്ക് കൊണ്ടുപോകുക. ബുധനാഴ്ച വോട്ടെണ്ണൽ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കും.