‘വ്യക്തിപരമായ കാര്യമല്ല; പുരസ്‌കാരം നിരസിച്ചത് സിപിഎം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്ത്’
തിരുവനന്തപുരം: ഏഷ്യയിലെ പരമോന്നത ബഹുമതിയായ മഗ്സസെ പുരസ്കാരം നിരസിച്ചെന്നതു സ്ഥിരീകരിച്ച് മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ.ശൈലജ. പരിശോധിച്ചപ്പോള്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ഇങ്ങനെ ഒരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് കണ്ടു. കേന്ദ്രകമ്മറ്റി അംഗമെന്ന നിലയില്‍ സി.പി.എം. കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച ചെയ്താണ് പുരസ്‌കാരം നിരസിച്ചത്. അവാര്‍ഡ് കമ്മറ്റിയോട് നന്ദി പറഞ്ഞുകൊണ്ട് പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നില്ലെന്ന് അറിയിച്ചുവെന്നും ശൈലജ അറിയിച്ചു.
പാര്‍ട്ടി എന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് മാത്രമാണ് തീരുമാനിക്കുന്നത്. ഇത് വ്യക്തപരമായ കാര്യമല്ല. കേരളത്തിലെ ആരോഗ്യരംഗത്ത് ഗവണ്‍മെന്റ് എന്നനിലയില്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ കൂട്ടത്തില്‍ കോവിഡ്, നിപ പ്രതിരോധങ്ങള്‍ ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍കൂടി പരിഗണിച്ചതായാണ് അവാര്‍ഡ് കമ്മറ്റി അറിയിച്ചതെന്നും കെ.കെ.ശൈലജ പറഞ്ഞു.
കെ.കെ.ശൈലജയ്ക്ക് മാഗ്സസെ പുരസ്‌കാരം ലഭിച്ചിട്ടും സ്വീകരിക്കുന്നത് സിപിഎം പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലക്കിയിരുന്നു. നിപ പ്രതിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് ശൈലജയെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ മാഗ്സസെ ഫൗണ്ടേഷനെ അറിയിക്കുകയായിരുന്നു