‘കള്ളനല്ല പൊലീസാ’ ; സിഗരറ്റ് മോഷ്ടിക്കുന്ന എസ്ഐയുടെ ദൃശ്യങ്ങൾ വൈറൽ
ചണ്ഡീഗഢ്: കുറ്റാന്വേഷണത്തിൽ പൊലീസിനെ സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് സി.സി.ടി.വികൾ. മോഷ്ടാക്കളെ പിടികൂടാനും നിയമലംഘനങ്ങൾ കണ്ടെത്താനും ക്യാമറകൾ സ്ഥാപിക്കാൻ പൊലീസ് പലപ്പോഴും നിർദ്ദേശം നൽകാറുണ്ട്. എന്നാൽ ഇപ്പോൾ അതേ സി.സി.ടി.വി ഒരു പൊലീസ് ഉദ്യോഗസ്ഥന് പണികൊടുത്തിരിക്കുകയാണ്. ചണ്ഡീഗഢ് സബ് ഇൻസ്പെക്ടർ കടയിൽ നിന്ന് സിഗരറ്റ് പാക്കറ്റ് മോഷ്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഹരിയാനയിലെ പഞ്ച്കുള ജില്ലയിലെ സെക്ടർ 17 ലാണ് സംഭവം. തിങ്കളാഴ്ച രാജീവ് കോളനിയിലെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയതായിരുന്നു എസ്.ഐ. കുറച്ചുനേരം കടയുടെ കൗണ്ടറിൽ നിന്നശേഷം തിരികെ പോയി. പിന്നീട്, കൗണ്ടറിൽ സൂക്ഷിച്ചിരുന്ന സിഗരറ്റ് പാക്കറ്റുകൾ എണ്ണിയപ്പോൾ, രണ്ട് പാക്കറ്റുകൾ കുറവാണെന്ന് കണ്ടെത്തി. കടയുടമ സി.സി.ടി.വി കാമറ പരിശോധിച്ചപ്പോഴാണ് പൊലീസുകാരന്‍റെ കരവിരുത് അറിയുന്നത്.
മൗലി ജാഗരൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറാണ് മോഷണം നടത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ കടയുടമ സ്റ്റേഷനിലെത്തി സബ് ഇൻസ്പെക്ടറുമായി സംസാരിച്ചു. സിഗരറ്റിന് പണം നൽകുകയോ, സിഗരറ്റ് തിരികെ നൽകുകയോ ചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിന്നീട് ഇൻസ്പെക്ടർ കടയിലെത്തി പണം നൽകി. എന്നാൽ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.