കശ്മീരിൽ ജയിൽ ഡിജിപി കൊല്ലപ്പെട്ട സംഭവം; സഹായി പിടിയിൽ

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്‍റെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹായി അറസ്റ്റിൽ. സംഭവത്തിന് ശേഷം കാണാതായ യാസിർ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയിൽ ഡിജിപി ഹേമന്ത് കുമാർ ലോഹിയെ (57) കൊലപ്പെടുത്തിയത് യാസിർ അഹമ്മദാണെന്ന് പ്രാഥമിക അന്വേഷണവും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നതായി ജമ്മു പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ മുകേഷ് സിംഗ് പറഞ്ഞു. സംഭവത്തിൽ തീവ്രവാദ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.

സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാൽ ജമ്മുവിനടുത്തുള്ള ഒരു സുഹൃത്തിന്‍റെ വീട്ടിലാണ് ഹേമന്ത് ലോഹിയ താമസിച്ചിരുന്നത്. കഴുത്തറുത്ത്, ശരീരത്തിൽ പൊള്ളലേറ്റ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ ഓഗസ്റ്റിലാണ് ജയിൽ ഡിജിപിയായി നിയമിച്ചത്.

യാസിർ അഹമ്മദ് കടുത്ത വിഷാദത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഡയറിയും ആയുധവും കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോയും പുറത്തുവിട്ടു. ഡയറിയിൽ കൂടുതലും മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. “പ്രിയപ്പെട്ട മരണമേ, എന്‍റെ ജീവിതത്തിലേക്ക് വരൂ,” എന്നാണ് ഡയറിയിലെ ഒരു വാചകം. “ക്ഷമിക്കണം, എനിക്ക് മോശം ദിവസം, ആഴ്ച, മാസം, വർഷം, ജീവിതം”, എന്നാണ് ഡയറിയിലെ മറ്റൊരു വാചകം.