ജലീലിന്റേത് രാജ്യദ്രോഹ പരാമർശം; നടപടി വേണമെന്ന് കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി

ന്യൂഡൽഹി: കശ്മീർ വിഷയത്തിൽ കെ.ടി ജലീൽ എം.എൽ.എയുടെ വിശദീകരണം തള്ളി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. കെ.ടി.ജലീല്‍ നടത്തിയ പരാമര്‍ശം ഇന്ത്യക്കെതിരാണ്. രാജ്യദ്രോഹവുമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നടപടിയെടുക്കണം. സിപിഎം നിലപാട് വ്യക്തമാക്കണമെന്നും ജോഷി ആവശ്യപ്പെട്ടു.

ആസാദ് കശ്മീരിന് ഇന്‍വേര്‍ട്ടഡ് കോമയിലിട്ടാലും ഇല്ലെങ്കിലും ഒരൊറ്റ അർത്ഥമേയുള്ളൂവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കെ ടി ജലീലിനെ എംഎൽഎ സ്ഥാനത്ത് നിന്ന് മാറ്റണം. ജലീലിനെതിരെ കേസെടുക്കാത്തത് സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് കൂട്ടുനിൽക്കുന്നുവെന്നതിന്‍റെ തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീർ യാത്രയുമായി ബന്ധപ്പെട്ട് കെ.ടി ജലീൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിവരണത്തിൽ ‘പാക്കിസ്ഥാൻ പിടിച്ചെടുത്ത ഭാഗം ആസാദ് കശ്മീർ’, ‘ഇന്ത്യൻ അധീന കശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് വിവാദമായത്. ജമ്മു കശ്മീരിന്റെ രാഷ്ട്രീയ, സാമൂഹിക, ചരിത്രപരമായ പ്രത്യേകതകൾ വിവരിക്കുന്നതായിരുന്നു ഈ കുറിപ്പ്.