ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് സൃഷ്ടാവ് മോണ്ടി നോർമൻ അന്തരിച്ചു 

ലണ്ടൻ: ജെയിംസ് ബോണ്ട് ചിത്രത്തിന്‍റെ പ്രശസ്തമായ തീം മ്യൂസിക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ അന്തരിച്ചു. 94 വയസ്സായിരുന്നു. അദ്ദേഹത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. തിങ്കളാഴ്ചയാണ് അദ്ദേഹം അന്തരിച്ചത്.

1928-ൽ കിഴക്കൻ ലണ്ടനിൽ ജനിച്ച നോർമൻ രണ്ടാം ലോകമഹായുദ്ധകാലത്ത് പലായനം ചെയ്തു. റോയൽ എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് സംഗീതത്തിലേക്ക് തിരിഞ്ഞു. സിറിൽ സ്റ്റാപ്പൾട്ടൺ, സ്റ്റാൻലി ബ്ലാക്ക് തുടങ്ങിയ പ്രശസ്ത സംഗീത ബാൻഡുകളിൽ ഗായകനായിരുന്നു നോർമൻ.  ‘മേക്ക് മി ആൻ ഓഫറാ’ണ് ആദ്യ ചിത്രം.

ടെറൻസ് യംഗ് ആദ്യമായി സംവിധാനം ചെയ്ത ജെയിംസ് ബോണ്ട് ചിത്രം ‘ഡോ. നോ’യ്ക്കായി 1962-ൽ നോർമാൻ സംഗീതം ഒരുക്കി. സിനിമയുടെ നിർമാതാക്കൾ പിന്നീട് സംഗീതം പുനർക്രമീകരിക്കാനായി ജോൺ ബാരിയെ ഏൽപ്പിക്കുകയായിരുന്നു.  ലോകമെങ്ങും തരംഗമായ ബോണ്ടിന്റെ തീം മ്യൂസിക്കിന്റെ ഒരുക്കിയത് താനാണെന്ന് ബാരി അവകാശപ്പെട്ടു. നിയമനടപടി സ്വീകരിച്ച നോർമന് അതിൽ വിജയിച്ചതോടെ 1962 മുതൽ അതിൽ റോയൽറ്റി ലഭിക്കുകയും ചെയ്തു.