ജാമിയ മിലിയ സംഘര്‍ഷം; വിദ്യാര്‍ത്ഥിക്ക് വെടിയേറ്റു
ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയെ കാണാനെത്തിയവര്‍ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റു. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്താണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. സർവകലാശാലയിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയാണ് വെടിയുതിർത്തതെന്ന് ഡൽഹി പോലീസ് പറഞ്ഞു.
ഉത്തർപ്രദേശിലെ മീററ്റിൽ നിന്നുള്ള 26 കാരനായ നൊമാൻ ചൗധരി എന്ന വിദ്യാർത്ഥിക്കാണ് ലൈബ്രറിയിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ നൊമാൻ ചൗധരിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടേക്കെത്തിയ എതിർ വിഭാഗത്തിന്റെ തലവൻ ഹരിയാന സ്വദേശി സലാൽ, എൻ.ചൗധരിക്കൊപ്പമുണ്ടായിരുന്ന ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥിയായ ന്യൂമാൻ അലിയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി 8.50 ഓടെയാണ് സംഭവത്തിന്റെ തുടക്കം. ജാമിയയിലെ ലൈബ്രറിയിൽ വിദ്യാർഥികൾ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് ആശുപത്രിയില്‍ നടന്ന വെടിവെയ്പ്പെന്നും പൊലീസ് പറഞ്ഞു.
വെടിയേറ്റ നൗമാൻ അലിയുടെ തലയോട്ടിയിൽ മുറിവുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. ഇയാളെ എ.ഐ.ഐ.എം.എസ് ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബോധം തെളിഞ്ഞ ശേഷം ഇയാളില്‍ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പില്‍ മറ്റാർക്കും പരിക്കില്ല. വെടിവെച്ചതിന് ശേഷം ആക്രമികള്‍ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.