വീണ്ടും ജീത്തുവിന്റെ ക്രൈം ത്രില്ലര്‍; കൂമന്‍ ആദ്യ ടീസര്‍ പുറത്ത്

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനാകുന്ന കൂമന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. ജീത്തു ജോസഫുമായി ആസിഫ് അലി ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂമൻ. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്‍റെ ബാനറിൽ ആൽവിൻ ആന്‍റണിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കെ.ആർ കൃഷ്ണകുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജീത്തു ജോസഫിന്‍റെ ട്വൽത്ത് മാന്‍റെ തിരക്കഥയും കൃഷ്ണകുമാറാണ് എഴുതിയത്.

കേരള-തമിഴ്നാട് അതിർത്തിയിലെ ഒരു ഗ്രാമത്തിലാണ് ചിത്രത്തിന്‍റെ പ്രമേയം. മലയോര ഗ്രാമത്തിലെ പോലീസ് സ്റ്റേഷനിലെത്തുന്ന ആസിഫ് അലി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഒരു കേസിന്‍റെ അന്വേഷണവും കേസിലെ പ്രതികളുടെ അറസ്റ്റും പൊലീസ് വകുപ്പിന് അഭിമാന പ്രശ്നമായി മാറുന്നുവെന്ന സൂചനയാണ് ടീസർ നൽകുന്നത്.

രഞ്ജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ രാജി കോശി, ആദം അയ്യൂബ്, ബൈജു, ജാഫർ ഇടുക്കി, പൗളി വിൽസൺ, കരാട്ടെ കാർത്തിക്, ജോർജ് മരിയൻ, രമേഷ് തിലക്, പ്രശാന്ത് മുരളി, അഭിറാം രാധാകൃഷ്ണൻ, രാജേഷ് പറവൂർ, ദീപക് പറമ്പോൽ, ജെയിംസ് ഏലിയ, വിനോദ് ബോസ്, റിയാസ് നര്‍മ്മകല തുടങ്ങിയവരും അഭിനയിക്കുന്നു.