438 കോടി മൂല്യമുള്ള വീടുകള്‍ ദാനം ചെയ്ത് ജെഫ് ബെസോസിന്റെ മുന്‍ഭാര്യ
ശതകോടീശ്വരൻ ജെഫ് ബെസോസിന്‍റെ മുൻ ഭാര്യ മക്കെൻസി സ്കോട്ട് ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏറെ സജീവമാണ്. ജെഫ് ബെസോസുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം, ജീവനാംശമായി ലഭിച്ച പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായാണ് അവർ ഉപയോഗിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ ഇവർ സംഭാവന ചെയ്തതായാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. കാലിഫോർണിയ കമ്മ്യൂണിറ്റി ഫൗണ്ടേഷനുവേണ്ടി 438 കോടി രൂപ (55 മില്യൺ ഡോളർ) വിലമതിക്കുന്ന വീടുകൾ മക്കെൻസി സംഭാവന ചെയ്തതായാണ് റിപ്പോർട്ട്.
26 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷം 2019 ലാണ് ഇരുവരും വേർപിരിഞ്ഞത്. ജെഫ് ബെസോസിന്‍റെ ഉടമസ്ഥതയിലുള്ള ആമസോണിന്‍റെ 25 ശതമാനം ഓഹരികൾ മക്കെൻസിക്ക് ലഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളിൽ 29-ാം സ്ഥാനത്താണ് മക്കെൻസി ഇപ്പോൾ.
നേരത്തെ, ഈ വീടുകൾ ജെഫ് ബെസോസിന്‍റെയും മക്കെൻസിയുടെയും ഉടമസ്ഥതയിലായിരുന്നു. വിവാഹമോചനത്തിനുശേഷം, മക്കെൻസിക്ക് വീടുകളുടെ പൂർണ്ണ ഉടമസ്ഥാവകാശം ലഭിച്ചു. 12,000 ചതുരശ്രയടി വിസ്തീർണമുള്ള ഹസിയെൻഡ ശൈലിയിലുള്ള വീടും 4,500 ചതുരശ്രയടി വിസ്തീർണമുള്ള മറ്റൊരു വീടുമാണ് ദാനം ചെയ്തത്. ഈ വീടുകളിൽ വിശാലമായ നീന്തൽക്കുളം, ടെന്നീസ് കോർട്ട്, പുൽത്തകിടി എന്നിവയുണ്ട്.