ജിഷ വധക്കേസ്; അമീറുള്‍ ഇസ്‌ലാമിന്റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും നോട്ടീസ്

പെരുമ്പാവൂർ ജിഷ വധക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിന്‍റെ ജയിൽ മാറ്റ ഹർജിയിൽ കേരളത്തിനും അസമിനും സുപ്രീം കോടതി നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നൽകാനാണ് കോടതി ആവശ്യപ്പെട്ടത്. കേരളത്തിൽ നിന്ന് അസമിലേക്ക് ജയിൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് അമീറുൾ ഇസ്ലാം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 

നിലവിലെ ജയിൽ ചട്ടപ്രകാരം അമീറുൾ ഇസ്ലാമിനെ അസമിലേക്ക് മാറ്റാൻ കഴിയില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജയിൽ മാറ്റം ആവശ്യമെങ്കിൽ കേരള സർക്കാർ പുറപ്പെടുവിച്ച 2014ലെ ചട്ടങ്ങൾ ഹർജിയിൽ ചോദ്യം ചെയ്യണമെന്നും സുപ്രീം കോടതി നിർദേശിച്ചിരുന്നു. 2014ലെ ജയിൽ നിയമത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ജയിൽ മാറാൻ അനുവദിക്കാനാകില്ല.

വധശിക്ഷയ്ക്കെതിരായ അപ്പീൽ കോടതിയുടെ പരിഗണനയിലുണ്ടെങ്കിൽ മറ്റൊരു ജയിലിലേക്ക് മാറ്റാൻ കഴിയില്ലെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥകൾ നിലനിൽക്കെ അസമിലേക്ക് മാറ്റണമെന്ന പ്രതിയുടെ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ദിനേശ് മഹേശ്വരി അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.