ജിതിൻ ജോയൽ ഹാരിമിന് വിക്ടർ ജോർജ് പുരസ്കാരം

കോട്ടയം: ഫോട്ടോ ജേർണലിസ്റ്റ് വിക്ടർ ജോർജിന്‍റെ സ്മരണാർത്ഥം കെ.യു.ഡബ്ല്യു.ജെ ട്രസ്റ്റ് ഏർപ്പെടുത്തിയ വിക്ടർ ജോർജ് പുരസ്കാരം മലയാള മനോരമ വയനാട് ബ്യൂറോയിലെ ഫോട്ടോ ജേർണലിസ്റ്റ് ജിതിൻ ജോയൽ ഹാരിമിന് ലഭിച്ചു. 10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം സെപ്റ്റംബർ ആദ്യവാരം സമ്മാനിക്കും.

കശ്മീരിൽ ഹിമപാതത്തിൽ മരിച്ച സുബേദാർ സി.പി ഷിജിയുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മകൻ അഭിനവ് സല്യൂട്ട് ചെയ്യുന്ന വികാരനിർഭരമായ ചിത്രത്തിനാണ് ജിതിൻ ജോയൽ ഹാരിമിന് ഒന്നാം സമ്മാനം ലഭിച്ചത്.

മംഗളം ദിനപത്രത്തിന്‍റെ തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് എയ്ഞ്ചൽ അടിമാലി, കേരളകൗമുദി കോട്ടയം യൂണിറ്റിലെ സീനിയർ ഫോട്ടോ ജേണലിസ്റ്റ് ശ്രീകുമാർ ആലപ്ര എന്നിവർക്കും പ്രത്യേക പരാമർശം ലഭിച്ചു.