ജപ്പാനിൽ നാല് വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് ജോലി!

ജപ്പാൻ: സാധാരണ കുട്ടികൾ നമുക്ക് പണി തരാറാണ് പതിവ്. എന്നാൽ,ഈ പതിവ് തെറ്റിച്ചിരിക്കുകയാണ് ജപ്പാൻകാർ. കുട്ടികൾക്ക് പണികൊടുക്കാനാണ് ഇവരുടെ തീരുമാനം. ജോലി എന്ന് കേൾക്കുമ്പോൾ ഇതൊരു തമാശയാണെന്ന് തെറ്റിദ്ധരിക്കരുത്. നല്ലൊന്നാന്തരം ജോലിയാണ് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജോലിക്ക് ശമ്പളവുമുണ്ട്. എന്താണെന്നോ? പാലും നാപ്കിനുകളും. ഏകദേശം 30 ഓളം കുട്ടികൾ ഇതിനകം ജോലിക്കാരായി.

ജപ്പാൻകാർ പലപ്പോഴും ലോകത്തിന് മുന്നിൽ പുതിയ ആശയങ്ങൾ അവതരിപ്പിച്ച് കൗതുകം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ വീണ്ടും അവർ മറ്റൊരു പുതിയ ആശയത്തിലൂടെ ലോകത്തെ ചിന്തിപ്പിക്കുകയും ശ്രോതാക്കളിൽ ജിജ്ഞാസ വളർത്തുകയും ചെയ്യുകയാണ്. കുട്ടികൾക്ക് മുന്നിലേക്കാണ് പുതിയ തൊഴിൽ ഓഫറുമായി അധികൃതർ എത്തിയിരിക്കുന്നത്.

തെക്കൻ ജപ്പാനിലെ ഒരു നഴ്സിംഗ് ഹോമിലേക്കാണ് നാല് വയസ്സുവരെയുള്ള കുട്ടികളെ ജോലിക്ക് എടുക്കുന്നത്. ഇനി അവരുടെ ജോലിയെന്താണ്? നഴ്സിംഗ് ഹോമിലെ പ്രായമായ അന്തേവാസികൾക്കൊപ്പം സമയം ചെലവഴിക്കുക. കളിച്ചും ചിരിച്ചും അവരെ രസിപ്പിക്കുക. അങ്ങനെ കമ്പനിയൊക്കെ കൊടുത്തിരുന്നാൽ മാത്രം മതി.