കേരളത്തിലൂടെയുള്ള ജോഡോ യാത്ര പര്യടനം ഇന്ന് പൂർത്തിയാകും

മലപ്പുറം: കോൺ​ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കേരളത്തിലെ ഭാരത് ജോഡോ യാത്ര പര്യടനം ഇന്ന് സമാപിക്കും. പാർട്ടിയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾ പ്രതീക്ഷിച്ചതിലും വലിയ സ്വാധീനം ചെലുത്താൻ കഴിഞ്ഞെങ്കിലും അധ്യക്ഷ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് കേരളത്തിലൂടെയുള്ള പര്യടനം ഒടുവിൽ പൂർത്തിയാകുന്നത്. യാത്രയിൽ കണ്ട വൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചുവരവായി നേതൃത്വം വിശദീകരിക്കുന്നുണ്ട്. നാളെ കർണാടകയിൽ പ്രവേശിക്കുന്ന യാത്ര ഏകദേശം 150 ദിവസങ്ങൾ കൊണ്ടാണ് കാശ്മീരിൽ എത്തുക.

കന്യാകുമാരി മുതൽ കശ്മീർ വരെ പാർട്ടിയുടെ പ്രതീക്ഷയായ നേതാവ് നടക്കുമ്പോൾ, കോൺ​ഗ്രസ് രാജ്യത്തുടനീളം അതിന്‍റെ അലയൊലികൾ ഉയർത്താൻ ശ്രമിക്കുന്നുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് ഈ മാസം ഏഴിന് കോൺ​ഗ്രസ് ജോഡോ യാത്ര ആരംഭിച്ചത്. യാത്ര കേരളത്തിലെത്തിയപ്പോൾ ആവേശം വളരെ കൂടുതലായിരുന്നു. പിആർ വർക്ക്, കണ്ടെയ്നർ ട്രാവൽ, പൊറോട്ട യാത്ര എന്നിങ്ങനെ എതിരാളികൾ വിമർശിക്കുമ്പോഴും യാത്രയിൽ വൻ ജനപങ്കാളിത്തം ഉണ്ടായിരുന്നു.

കേരളത്തിൽ എത്തിയതു മുതൽ സി.പി.എം അദ്ദേഹത്തെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ബി.ജെ.പിയെ മുഖ്യ എതിരാളിയായി ഉയർത്തിക്കാട്ടിയാണ് രാഹുൽ മുന്നോട്ട് പോയത്. 483 കിലോമീറ്റർ സഞ്ചരിച്ച യാത്ര പാർട്ടിയെ ശക്തിപ്പെടുത്താൻ സഹായിച്ചുവെന്ന് കോൺഗ്രസ് പറയുന്നു. എന്നിരുന്നാലും യാത്രയ്ക്കിടെ ദേശീയ തലത്തിൽ കടുത്ത പരീക്ഷണങ്ങളാണ് പാർട്ടി നേരിട്ടത്. ഗോവയിൽ ബിജെപിയിലേക്കുള്ള കോൺഗ്രസ് നേതാക്കളുടെ കൂട്ട കൂറുമാറ്റത്തിന്‍റെ ക്ഷീണം മാറുന്നതിന് മുമ്പ് തന്നെ പാർട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രതിസന്ധിയിൽ പാർട്ടി നട്ടംതിരിയുകയായിരുന്നു.