ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് ജോ ബൈഡന്‍

യുണൈറ്റഡ് നേഷന്‍സ്: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വനിത മഹ്സ അമീനി (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മഹ്സയുടെ മരണം ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘർഷത്തിൽ എട്ട് പേർ മരിച്ചു.

ഐക്യരാഷ്ട്രസഭയിൽ ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇറാനിലെ സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ ഇറാനിൽ പ്രതിഷേധിക്കുന്ന ധീരരായ പൗരൻമാർക്കും സ്ത്രീകൾക്കുമൊപ്പം നില്‍ക്കുന്നുവെന്ന് ബൈഡൻ യുഎൻ ജനറൽ പൊതുസഭയില്‍ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് കഴിഞ്ഞ 13ന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മൂന്ന് ദിവസത്തിന് ശേഷം ടെഹ്റാനിലെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മഹ്സയുടെ ജൻമനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളിൽ ഇന്‍റർനെറ്റ് നിരോധിച്ചിട്ടുണ്ട്. ടെഹ്റാൻ സർവകലാശാലയിലെ വിദ്യാർത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിഞ്ഞും തീ കൊളുത്തിയും മുടി മുറിച്ചും സ്ത്രീകൾ പ്രതിഷേധിക്കുകയാണ്. സ്വാതന്ത്ര്യവും സമത്വവും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 15 നഗരങ്ങളിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പോലീസിന് നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾക്കും വേസ്റ്റ് ബിന്നുകൾക്കും തീയിടുകയും സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പ്രതിനിധി മരിച്ച യുവതിയുടെ വീട് സന്ദർശിച്ചു.