ജോ ബൈഡന് ആശ്വാസം; യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾക്ക്
ഫീനിക്സ്: യു.എസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. യു.എസ് സെനറ്റിന്‍റെ നിയന്ത്രണം നേടിയതോടെ ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ പാർട്ടികൾ നേട്ടമുണ്ടാക്കുമെന്ന പാരമ്പര്യം ബൈഡന്‍റെ നേതൃത്വത്തിലുള്ള ഡെമോക്രാറ്റുകൾ തകർത്തു. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ അന്തിമ ഫലം പുറത്തുവരാൻ കുറച്ച് കൂടി സമയമെടുക്കും.
പ്രാദേശിക സമയം ശനിയാഴ്ച വൈകുന്നേരം വരെ റിപ്പബ്ലിക്കൻ പാർട്ടി ജനപ്രതിനിധി സഭയിൽ 211 സീറ്റുകൾ നേടി. 218 സീറ്റുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഡെമോക്രാറ്റുകൾ ഇതുവരെ 205 സീറ്റുകൾ നേടി.
നെവാഡയിലെ വിജയത്തോടെയാണ് സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളിൽ എത്തിയത്. സെനറ്റിലെ 100 സീറ്റുകളിൽ 50 ഉം ഡെമോക്രാറ്റുകൾ നേടി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളാണുള്ളത്. വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന് ഇവിടെ കാസ്റ്റിംഗ് വോട്ട് ചെയ്യാം. അത് ഡെമോക്രാറ്റുകൾക്ക് അനുകൂലമാകും. ഡിസംബർ ആറിനാണ് ജോർജിയയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെയും ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞാൽ ഡെമോക്രാറ്റുകൾക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടാകും. പരാജയപ്പെട്ടാലും കമല ഹാരിസിന്‍റെ കാസ്റ്റിംഗ് വോട്ട് ഉള്ളതിനാൽ സെനറ്റ് ഡെമോക്രാറ്റുകളുടെ കൈകളിൽ തുടരും.