കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകി ജോ ബൈഡൻ

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് അമേരിക്കക്കാർക്ക് പ്രസിഡന്‍റ് ജോ ബൈഡൻ മാപ്പ് നൽകി. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിലെ പ്രധാന ചുവടുവയ്പ്പാണ് ഈ നീക്കം. ഇടക്കാല തിരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് ജോ ബൈഡൻ വാഗ്ദാനം പാലിച്ചത്. കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവർക്കും മാപ്പ് നൽകുന്നതായി ജോ ബൈഡൻ പ്രഖ്യാപിച്ചു. കഞ്ചാവ് കടത്ത്, വിൽപന, പ്രായപൂർത്തിയാകാത്തവരുടെ ഉപയോ​ഗം തുടങ്ങിയ കുറ്റങ്ങൾ പ്രാബല്യത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കഞ്ചാവ് കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട എല്ലാവരെയും വെറുതെ വിടണമെന്ന് സ്റ്റേറ്റ് ഗവർണർമാരോടും പ്രസിഡന്‍റ് അഭ്യർത്ഥിച്ചു. കഞ്ചാവ് പൂർണ്ണമായും നിയമവിധേയമാക്കുന്നതിനെക്കുറിച്ച് ബൈഡൻ നിശബ്ദത പാലിച്ചു. 2019 ൽ ജനസംഖ്യയുടെ 18 ശതമാനമെങ്കിലും ഉപയോഗിച്ചതായി സർക്കാർ രേഖകളിൽ കണക്കാക്കുന്ന വസ്തു കൈവശം വച്ചതിന് ശിക്ഷിക്കപ്പെടുന്നത് നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു.

വിനോദത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ കഞ്ചാവ് കൈവശം വയ്ക്കാൻ ചില സ്റ്റേറ്റുകൾ അനുവദിച്ചിട്ടുണ്ട്. മാപ്പ് നൽകിയതിന് പുറമെ, കഞ്ചാവ് അപകടകരമായ വസ്തുവാണോ എന്ന കാര്യം പുനഃപരിശോധിക്കാൻ നിയമ, ആരോഗ്യ വകുപ്പുകൾക്കും ബൈഡൻ നിർദ്ദേശം നൽകി.

വാഷിംഗ്ടണിൽ മാത്രം, നിയമപ്രകാരം ശിക്ഷിക്കപ്പെട്ട ആയിരക്കണക്കിന് ആളുകൾക്ക് ദയാഹർജി ഫയൽ ചെയ്യും. കഞ്ചാവ് കൈവശം വെക്കുന്നതുമായി ബന്ധപ്പെട്ട നിയമം 6,500 ഓളം ആളുകളെ നേരിട്ട് ബാധിക്കുന്നുണ്ടെന്ന് അധികൃതർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.