ജോജുവിന്റെ പരാതി; കോൺഗ്രസ് നേതാക്കൾക്ക് എതിരെയുള്ള കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി: നടൻ ജോജു ജോർജിന്‍റെ പരാതിയിൽ കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. സംഭവത്തിൽ പൊതുഗതാഗതം തടസ്സപ്പെടുത്തിയ കുറ്റം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. അതേസമയം, ദേഹോപദ്രവം ഏൽപ്പിക്കുക, അശ്ലീല പരാമർശം നടത്തുക തുടങ്ങിയ കുറ്റങ്ങൾ ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് ജോജു ജോർജ് സത്യവാങ്മൂലം നൽകിയിരുന്നു. പരാതി പിൻവലിച്ചാലും പൊതുജനങ്ങൾക്കെതിരായ കുറ്റം റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇന്ധന വില വർദ്ധനവിനെതിരെ കഴിഞ്ഞ വർഷം നവംബർ ഒന്നിന് കൊച്ചിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധത്തിനിടെയാണ് ജോജു ജോർജ് രംഗത്തെത്തിയത്. കേരളത്തിലെ ഏറ്റവും തിരക്കേറിയ ഇടപ്പള്ളി-വൈറ്റില-അരൂർ ബൈപ്പാസിൽ കോൺഗ്രസ് റോഡ് ഉപരോധിച്ചതും തുടർന്നുണ്ടായ ഗതാഗതക്കുരുക്കും കാരണം ജോജു ജോർജ് ഉൾപ്പെടെയുള്ള യാത്രക്കാർ പ്രതിഷേധിച്ചിരുന്നു.

സിനിമാ സംവിധായകൻ എ.കെ.സാജനുമായി സിനിമാ ചർച്ചയ്ക്കായി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് പോകുകയായിരുന്ന ജോജു ഗതാഗതക്കുരുക്കിനെ തുടർന്ന് പരസ്യമായി പ്രതിഷേധിക്കുകയായിരുന്നു. വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ അടുത്തേക്ക് നടന്ന് നൂറുകണക്കിന് യാത്രക്കാർ വാഹനങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രതിഷേധിക്കാനുള്ള വഴി ഇതല്ലെന്ന് പറഞ്ഞ അദ്ദേഹം, തൊട്ടടുത്ത വാഹനത്തിലുണ്ടായിരുന്ന കുട്ടിയെ കീമോതെറപ്പിക്കു ശേഷം വീട്ടിലേക്കു കൊണ്ടുപോകാൻ കഴിയാതെ കുടുങ്ങിയ കുടുംബത്തിന്റെ അവസ്ഥയും വിവരിച്ചു. ഇതോടെ മറ്റ് യാത്രക്കാരും എതിർപ്പുമായി രംഗത്തെത്തിയതോടെ പ്രവർത്തകരുമായി വാക്കേറ്റമുണ്ടായി.