നൃത്തം ചെയ്ത് വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പൂനെയില്‍ നിന്നുള്ളതെന്ന് ജോമോന്‍റെ മൊഴി

കൊച്ചി: വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഡ്രൈവർ ജോമോൻ അപകടകരമായ രീതിയിൽ ബസ് ഓടിക്കുന്ന പഴയ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് വർഷങ്ങൾക്ക് മുൻപ് പൂനെയിൽ വച്ചുള്ളതാണെന്ന് ജോമോൻ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. ബസിൽ യാത്രക്കാരുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ലെന്നും ജോമോൻ പൊലീസിനോട് പറഞ്ഞു.

വടക്കഞ്ചേരിയിലെ അപകടത്തെ തുടർന്ന് ബസിന്‍റെ സീറ്റിൽ ഇരിക്കാതെ വശങ്ങളിൽ ഇരുന്ന് ആടിയും പാടിയും അപകടകരമാംവിധം ജോമോൻ വാഹനമോടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതേസമയം ജോമോന്‍റെ മൊഴി പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം വിശദമായ ചോദ്യം ചെയ്യൽ നടത്തുമെന്ന് ആലത്തൂർ ഡിവൈ.എസ്.പി അറിയിച്ചു.

അതേസമയം, വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച വടക്കഞ്ചേരി അപകടത്തിൽ പൊലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. തിങ്കളാഴ്ച ഹാജരാകാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ചുമതലയുള്ള ആലത്തൂർ ഡിവൈ.എസ്.പി. ആർ. അശോകൻ കോടതിയിൽ ഹാജരാകും.