‘മങ്കാദിങ്’ ചെയ്യില്ലെന്ന് ജോസ് ബട്‍ലറും മൊയീൻ അലിയും

ലണ്ടൻ: ബോളർ പന്തെറിയും മുൻപ് ക്രീസ് വിടുന്ന നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്നത് (മങ്കാദിങ്) നിയമം അനുവദിക്കുന്നുണ്ടെങ്കിലും തങ്ങൾ അങ്ങനെ ചെയ്യില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ജോസ് ബട്‌ലറും വൈസ് ക്യാപ്റ്റൻ മൊയീൻ അലിയും പറഞ്ഞു. ടീം അംഗങ്ങളിൽ ആരെങ്കിലും അങ്ങനെ ചെയ്താൽ ബാറ്ററെ തിരിച്ചു വിളിക്കുമെന്നും ബട്‌ലർ കൂട്ടിച്ചേർത്തു.

ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരം ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ മങ്കാദിങ് ചെയ്തത് ചർച്ചാ വിഷയമായതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരും തങ്ങളുടെ അഭിപ്രായമറിയിച്ചത്. 2019 ഐപിഎലിൽ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ ബട്‌ലറെ ഇങ്ങനെ റണ്ണൗട്ടാക്കിയതും വാദപ്രതിവാദങ്ങൾക്കു വഴി വച്ചിരുന്നു.

‘മങ്കാദിങ്’ മാന്യമായ പുറത്താക്കലായി ഈയിടെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിയമഭേദഗതി വരുത്തിയിരുന്നു. ‘മങ്കാദിങ്’ എന്ന പ്രയോഗം ഒഴിവാക്കി സാധാരണ റൺഔട്ടായാണ് ഇതു പരിഗണിക്കുക. ഇംഗ്ലിഷ് വനിതാ ക്രിക്കറ്റ് താരങ്ങളും ഇത്തരം പുറത്താകൽ അംഗീകരിക്കില്ലെന്നു നിലപാടെടുത്തു.