മാധ്യമ പ്രവർത്തകൻ കെ.അജിത് അന്തരിച്ചു; സംസ്കാരം നാളെ

കൊച്ചി: മാധ്യമ പ്രവർത്തകനും കേരള മീഡിയ അക്കാദമിയുടെ ടെലിവിഷൻ ജേർണലിസം കോഴ്സ് കോർഡിനേറ്ററുമായ കെ അജിത്ത് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്, ഏഷ്യാനെറ്റ് ന്യൂസ് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി, തിരുവനന്തപുരം ബ്യൂറോ ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ചെയ്തിട്ടുള്ള കെ അജിത്ത് മലയാള ടെലിവിഷൻ വാർത്താ റിപ്പോർട്ടിംഗിൽ അസാമാന്യ കഴിവ് തെളിയിച്ച വ്യക്തിയാണ്.

മൃതദേഹം ഇന്ന് രാവിലെ 8 മുതൽ 10 വരെ കാക്കനാട് മീഡിയ അക്കാദമി കാമ്പസിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് തിരുവനന്തപുരത്തെ അക്കാദമിയുടെ ഉപകേന്ദ്രത്തിൽ പൊതുദർശനം നടത്തും. ശവസംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും. ശോഭ അജിത്താണ് ഭാര്യ.