ജസ്റ്റിന്‍ ബീബറിന്റെ ഇന്ത്യയിലെ പരിപാടി റദ്ദാക്കി

ന്യൂഡൽഹി: പോപ്പ് താരം ജസ്റ്റിൻ ബീബറിന്‍റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി. ആരോഗ്യനില വഷളായതിനെ തുടർന്നാണ് അദ്ദേഹം ഇന്ത്യൻ സംഗീത സദസ്സ് ഉപേക്ഷിച്ചത്. ലോക സംഗീത പര്യടനത്തിന്‍റെ ഭാഗമായി ഒക്ടോബർ 18ന് ന്യൂഡെൽഹിയിലെത്താനായിരുന്നു ബീബർ തീരുമാനിച്ചിരുന്നത്. ഇന്ത്യയ്ക്ക് പുറമെ ചിലി, അർജന്‍റീന, ബ്രസീൽ, ദക്ഷിണാഫ്രിക്ക, ബഹ്റൈൻ, യുഎഇ, ഇസ്രായേൽ എന്നിവിടങ്ങളിലെ സംഗീത പരിപാടികളും താരം ഉപേക്ഷിച്ചിട്ടുണ്ട്.

‘ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്താനിരുന്ന ‘ജസ്റ്റിന്‍ ബീബര്‍ ജസ്റ്റിസ് വേള്‍ഡ് ടൂര്‍ ഇന്ത്യ’ റദ്ദാക്കിയതായി അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. ബീബറിന്റെ ആരോഗ്യപ്രശ്നങ്ങള്‍ കാരണം, അടുത്ത മാസം അദ്ദേഹത്തിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഞങ്ങളെ അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം, ചിലി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ബഹ്റൈന്‍, യുഎഇ, ഇസ്രായേല്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ പരിപാടികളും റദ്ദാക്കി’ ബുക്ക്മൈഷോ ട്വീറ്റ് ചെയ്തു.

ഷോയുടെ പ്രീ-ബുക്കിംഗ് ജൂൺ മാസത്തിൽ ആരംഭിച്ചിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് 10 ദിവസത്തിനുള്ളിൽ പണം തിരികെ നൽകും. 43,000 ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുണ്ടായിരുന്നത്. 4,000 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.