കെ.എം ബഷീറിന്റെ മരണം; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ഓണാവധിക്ക് ശേഷം ഹർജി പരിഗണിക്കും. സി.ബി.ഐ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുൾ റഹ്മാൻ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

പ്രോസിക്യൂഷനും പൊലീസും പ്രതികളെ സഹായിക്കുകയാണെന്നും ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്. അപകടം നടന്ന ദിവസം കെ.എം ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നത് ദുരൂഹമാണ്. ശ്രീറാം വെങ്കിട്ടരാമനെതിരെ ഫോണിൽ ചില തെളിവുകൾ ഉണ്ടെന്ന് സംശയിക്കുന്നതായും ഹർജിയിൽ പറയുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

രാത്രി ഒരു മണിക്ക് നടന്ന അപകടത്തിൽ 7 മണിക്കാണ് എഫ്ഐആർ ഇടുന്നത്. അതിൽ തന്നെ ദുരൂഹതയുണ്ട്. രക്തസാമ്പിൾ എടുക്കുന്നതിനായി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തിട്ടും പ്രതിയെ കിംസിലേക്ക് കൊണ്ടുപോയി. അന്വേഷണം വൈകിപ്പിക്കാനായിരുന്നു ഇത്. മുഖ്യമന്ത്രിയെ കണ്ടപ്പോൾ പ്രതിയെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് വിവാദമായതോടെയാണ് അദ്ദേഹത്തെ നീക്കിയത്. സർക്കാരും ശ്രീറാം വെങ്കിട്ടരാമനും തമ്മിലുള്ള ഒത്തുകളിയാണിതെന്നാണ് സഹോദരന്‍റെ ആരോപണം.