കോൺഗ്രസ് പുനഃസംഘടന വൈകുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് കെ.മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി പരസ്യമാക്കി കെ മുരളീധരൻ. തിരുവനന്തപുരത്ത് കെ കരുണാകരൻ അനുസ്മരണച്ചടങ്ങിലാണ് പാർട്ടി പുനഃസംഘടന വൈകുന്നതിലുള്ള അതൃപ്തി മുരളീധരൻ പരസ്യമാക്കിയത്.

പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസംഗങ്ങൾ മാത്രം നടത്തിയാൽ പോരെന്നും പ്രവർത്തിക്കാൻ തയ്യാറാവണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. സി.പി.എം വീടുവീടാന്തരം കയറുന്നു, ബി.ജെ.പി പ്രോഗ്രസ് റിപ്പോർട്ട് തയ്യാറാക്കുന്നു. എന്നാൽ കോൺ​ഗ്രസ് ഇപ്പോഴും പുന:സംഘടന ചർച്ച ചെയ്യുകയാണെന്നും ഇനിയൊരു പരാജയം താങ്ങാനാവില്ലെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടന വേഗത്തിൽ പൂർത്തിയാക്കണം. പാർട്ടി പലയിടത്തും ഇഴഞ്ഞുനീങ്ങുകയാണ്. അടിത്തട്ട് മെച്ചപ്പെട്ട രീതിയിൽ മുന്നോട്ട് പോകണം. എന്നാൽ ഇപ്പോഴത്തെ നേതൃത്വം മാറണമെന്ന അഭിപ്രായമില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. 

കൊച്ചി വിമാനത്താവളത്തിന് കെ കരുണാകരന്‍റെ പേര് നൽകാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും മുരളീധരൻ പറഞ്ഞു. അനുയോജ്യമായ അവസരം ഉണ്ടായിട്ടും അത് സംഭവിച്ചില്ല. തൻ്റെ സ്വകാര്യ ദുഃഖമായാണ് ഇത് പറയുന്നതെന്നും മുരളീധരൻ പറഞ്ഞു.