സില്‍വർലൈന്‍ തെക്കരും വടക്കരുമെന്ന വേര്‍തിരിവ് ഇല്ലാതാക്കുമെന്ന എഫ്.ബി പോസ്റ്റുമായി കെ-റെയില്‍

തിരുവനന്തപുരം: കേരളത്തിന്‍റെ തെക്കൻ, വടക്കൻ മേഖലകളെ താരതമ്യം ചെയ്തുള്ള കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരന്‍റെ പരാമർശം ഏറെ വിവാദമായിരുന്നു. ഒടുവിൽ സുധാകരൻ തന്‍റെ പരാമർശങ്ങൾ പിൻവലിച്ച് ക്ഷമാപണം നടത്തി. എന്നാൽ സിൽവർലൈൻ പദ്ധതിയെ ന്യായീകരിക്കാൻ ഈ അവസരം ഉപയോഗിക്കാനാണ് കെ റെയിൽ കോർപ്പറേഷൻ ശ്രമിക്കുന്നത്. സിൽവർലൈൻ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലുടനീളമുള്ള ജീവിത രീതിയെ അടുത്തറിയാൻ അവസരമൊരുക്കുമെന്നും തെക്കും വടക്കും തമ്മിലുള്ള വേർതിരിവ് ഇല്ലാതാകുമെന്നും കെ റെയിൽ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

തെക്കരാണോ വടക്കരാണോ മികച്ചതെന്ന് ഏറെക്കാലമായി ചർച്ച ചെയ്യപ്പെടുന്നു. ആഴ്ചകളോളം, തെക്കിന്‍റെ സാമ്പാറാണോ അതോ വടക്കിന്റെ സാമ്പാറാണോ മികച്ചതെന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടന്നിട്ടുണ്ട്.

കേരളത്തിലെ 14 ജില്ലകളിലും അവരുടേതായ രീതികളും ഭാഷാ ശൈലികളും പാചകരീതികളുമുണ്ട്. ജീവിതശൈലിയും വ്യത്യസ്തമായിരിക്കും. ചില നഗരങ്ങളിൽ ജീവിതച്ചെലവ് കുറവായിരിക്കും. ചിലയിടങ്ങളിൽ ഇത് കൂടുതലായിരിക്കും. ഇതെല്ലാം കൊണ്ട്, ഒരു ജില്ല മികച്ചതും ഒരു ജില്ല മോശവുമാണെന്ന് ഒരിക്കലും പറയാനാവില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.