കെ-റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ഇനി കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺസൾട്ടൻസിയായി കേരള റെയിൽ ഡെവലപ്മെന്‍റ് കോർപ്പറേഷൻ ലിമിറ്റഡിനെ(കെ-റെയിൽ) നിയമിക്കാൻ തീരുമാനം. സിൽവർ ലൈൻ പദ്ധതി നിർത്തിവച്ച പശ്ചാത്തലത്തിലാണ് കെ.എസ്.ആർ.ടി.സിയുടെ തീരുമാനം.

സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് കെ-റെയിൽ രൂപീകരിച്ചത്. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്രസർക്കാരിൻ്റെ അനുമതിയില്ലാതെ ആരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. അനുമതി ലഭിക്കുന്നതുവരെ കെ-റെയിൽ ഉദ്യോഗസ്ഥർക്ക് മറ്റ് ചുമതലകളൊന്നും തീർച്ചപ്പെടുത്താത്ത സാഹചര്യത്തിലാണ് കെ.എസ്.ആർ.ടി.സി ഇവരുടെ സർവീസ് പ്രയോജനപ്പെടുത്താൻ തീരുമാനിച്ചത്.

കെ-റെയിലിനെ കൺസൾട്ടന്‍റായി നിയമിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന കെ.എസ്.ആർ.ടി.സി ബോർഡ് യോഗമാണ് തീരുമാനിച്ചത്. തുടർന്ന് ഡിപ്പോ പുതുക്കിപ്പണിയുന്ന ചെങ്ങന്നൂരും മലപ്പുറവും ഉൾപ്പടെ കെ.എസ്.ആർ.ടി.സിയുടെ പദ്ധതി പ്രദേശങ്ങൾ കെ-റെയില്‍ ഉദ്യോഗസ്ഥർ സന്ദർശിച്ചു.