കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മാറില്ലെന്നു വ്യക്തമാക്കി കെ.സുധാകരൻ
കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കെ.സുധാകരൻ. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച് സുധാകരനെ മാറ്റാനുള്ള നീക്കങ്ങളെ തള്ളികൊണ്ടുള്ളതായിരുന്നു പ്രതികരണം. അതേസമയം, പ്രസിഡന്‍റ് സ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ സുധാകരനും സുധാകരന്‍റെ പ്രവർത്തന ശൈലിയിൽ എതിർവിഭാഗങ്ങൾക്കും അതൃപ്തിയുണ്ട്. കെ.പി.സി.സി പ്രസിഡന്‍റിന്‍റെ ജിമ്മിലെ വ്യായാമത്തിന്‍റെ വീഡിയോയും ഫോട്ടോയും അനാരോഗ്യ പരാതി തള്ളിക്കളയാൻ അനുയായികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. പാർട്ടിയിലെ അവസാന വാക്കാകേണ്ട പ്രസിഡന്‍റ് അനാരോഗ്യം കാരണം മിക്ക സമയത്തും സജീവമല്ലെന്നാണ് പരാതി. ഇതിനിടയിലുള്ള ചില പ്രസ്താവനകൾ പാർട്ടിയെയും മുന്നണിയെയും വെട്ടിലാക്കുന്നുവെന്നാണ് അടുത്ത പ്രധാന പരാതി.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രസിഡണ്ടിനെതിരായ നീക്കങ്ങൾക്ക് പിന്നിൽ ഗ്രൂപ്പ് ഭേദമില്ലാതെ കൂടുതലുമുള്ളത് എംപിമാരാണ്. സുധാകരനെതിരായ നയം കഴിഞ്ഞ ദിവസം ചില എം.പിമാർ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. തലമുറമാറ്റം ചൂണ്ടിക്കാട്ടി കെ.എസുമായി കൈകോർത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പ്രസിഡന്‍റുമായി ഇടഞ്ഞുനിൽക്കുകയാണ്. സുധാകരനെ മാറ്റണമെന്ന് സതീശനും ഹൈക്കമാൻഡിനോട് അഭ്യർത്ഥിച്ചതായി സൂചനയുണ്ടായിരുന്നെങ്കിലും സതീശൻ ഇത് പരസ്യമായി നിഷേധിച്ചു.
സുധാകരൻ പ്രസിഡണ്ടായി തുടരുമെന്നുള്ള പ്രഖ്യാപനം ദില്ലിയിൽ നിന്നും വൈകാനുള്ള കാരണവും പരാതികളാണ്. പേരുകൾ നിർദ്ദേശിക്കാൻ ജില്ലകളിൽ പ്രത്യേക സമിതികൾ ചേരാൻ തീരുമാനിച്ചെങ്കിലും ഒന്നും നടക്കുന്നില്ല. ഓരോ ദിവസവും സംസ്ഥാന സർക്കാർ വലിയ വിവാദങ്ങളിൽ അകപ്പെടുമ്പോഴും നേതൃത്വത്തിലെ പ്രശ്നങ്ങളും നിസ്സംഗതയും കാരണം അത് മുതലാക്കാൻ കഴിയുന്നില്ല എന്ന പൊതുവികാരം കോൺഗ്രസിലുണ്ട്.