തെക്ക്-വടക്ക് വിവാദ പരാമർശം പിന്‍വലിച്ച് കെ സുധാകരന്‍

തിരുവനന്തപുരം: തെക്ക്- വടക്ക് മേഖലയിലെ രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിയുള്ള വിവാദ പരാമർശം കെ സുധാകരൻ പിൻവലിച്ചു. പരാമർശം ആരെയും അപകീർത്തിപ്പെടുത്താനും ഭിന്നിപ്പുണ്ടാക്കാനും ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. മലബാറിൽ ആളുകൾ പരസ്പരം പറയുന്ന കഥ ആവർത്തിച്ചതാണ്. ആരുടെയും വികാരങ്ങളെയോ മനസ്സിനെയോ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ല പരാമർശമെന്നും ആർക്കെങ്കിലും അങ്ങനെ തോന്നിയാൽ പിന്‍വലിക്കുന്നതായും സുധാകരൻ പറഞ്ഞു.

മലബാറും തിരുവിതാംകൂറും തമ്മിൽ വ്യത്യാസമുണ്ട്. തൻ്റെ രാഷ്ട്രീയ ശൈലി അതിന്‍റെ പ്രതിഫലനമാണോയെന്നായിരുന്നു അവരുടെ ചോദ്യം. ചെറുപ്പത്തിൽ ഇങ്ങനെയൊരു കഥ കേട്ടിട്ടുണ്ടെന്ന് മറുപടി നൽകി. അത്രയെ താൻ പറഞ്ഞിട്ടുള്ളൂവെന്നും സുധാകരൻ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ വിമർശനങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ചീപ്പ് പോപ്പുലാരിറ്റിയും പൊളിറ്റിക്‌സും ഉപയോഗിച്ച് പാർട്ടിയെ വളർത്താൻ ആരും ശ്രമിച്ചിട്ടില്ലെന്നും കേരളം പോലൊരു സംസ്ഥാനത്ത് സമൂഹത്തിലെ ഒരു വിഭാഗത്തെ അവഹേളിച്ചും താഴ്ത്തിക്കെട്ടിയും രാഷ്ട്രീയം കളിക്കാൻ കഴിയില്ലെന്ന സാമാന്യബോധം തങ്ങള്‍ക്കുണ്ടെന്നും സുധാകരൻ പറഞ്ഞു.

ശശി തരൂരിനെതിരായ ‘ട്രെയിനി’ പരാമർശത്തിനും അദ്ദേഹം മറുപടി നൽകി. അഭിമുഖത്തിൽ അത്തരം ഒരു വാക്ക് ഉപയോഗിച്ചിട്ടില്ല. അവരാണ് ആ വാക്ക് ഉപയോഗിച്ചത്. എന്നാൽ സംഘടനാ പ്രവർത്തന രംഗത്തെ പുതുമുഖമാണ് താനെന്നും ഒരു പദവിയിലും ഇരുന്നിട്ടില്ലെന്നും തരൂർ പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ വിശദീകരിച്ചു.