പ്രൊഫഷണല്‍ കോൺഗ്രസ് കോണ്‍ക്ലേവില്‍ തരൂരിനൊപ്പം കെ സുധാകരൻ പങ്കെടുക്കില്ല

കൊച്ചി: ശശി തരൂർ ദേശീയ അദ്ധ്യക്ഷനായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ പങ്കെടുക്കില്ല. കെ സുധാകരനും ശശി തരൂരും ഒരുമിച്ച് വേദി പങ്കിടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. ശശി തരൂരും വി ഡി സതീശനും ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല.

രാവിലെ 9.30ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ തരൂർ പങ്കെടുക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന ലീഡേഴ്സ് ഫോറത്തിലാണ് വി.ഡി സതീശൻ പങ്കെടുക്കുക.

സംസ്ഥാനതല കോൺഗ്രസ് വേദികളിൽ തരൂരിന്റെ സാന്നിധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രൊഫഷണൽ കോൺഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വിവിധ സെഷനുകളിലായാണ് പരിപാടി. ഡോ.എസ്.എസ്.ലാൽ, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവരാണ് പ്രധാന സംഘാടകർ. കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമൊപ്പമാണ് തരൂരിനെ ക്ഷണിച്ചത്. ‘ഡിക്കോഡ്’ എന്ന സംസ്ഥാനതല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു ക്ഷണിച്ചത്. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണം. എന്നാൽ നാളത്തെ പരിപാടിയിൽ കെ സുധാകരൻ പങ്കെടുക്കില്ലെന്നാണ് വിവരം.