വയലാർ പുരസ്കാരം എസ് ഹരീഷിന് നൽകിയതിനെ വിമർശിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: എസ്.ഹരീഷിന്റെ മീശ എന്ന നോവലിന് ഈ വർഷത്തെ വയലാർ പുരസ്കാരം നൽകിയതിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിലരെ പരിഹസിക്കാനും അവഹേളിക്കാനും അവാർഡുകൾ നൽകുന്നതാണ് പുതിയ രീതിയെന്ന് സുരേന്ദ്രൻ വിമർശിച്ചു. ഏത് മൂശയിലാണ് മീശ വാർത്തതെന്ന് മലയാളികൾക്ക് മനസ്സിലാകുമെന്നും ഇങ്ങനെ പോയാൽ പോരാളി ഷാജിക്കും അവാർഡ് ലഭിക്കുന്ന കാലം വിദൂരമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
വയലാർ രാമവർമ്മ ട്രസ്റ്റ് ചെയർമാൻ പെരുമ്പടവം ശ്രീധരനാണ് മീശയ്ക്ക് പുരസ്കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം. വിവാദങ്ങൾക്കപ്പുറം ഏഴുത്ത് അംഗീകരിക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് ഹരീഷ് പറഞ്ഞു.
വാദങ്ങളെ അതിജീവിക്കുന്ന അസാധാരണമായ രചനാ രീതിയാണ് നോവലെന്ന് ജൂറി അംഗം സാറാ ജോസഫ് പറഞ്ഞു. അരനൂറ്റാണ്ട് മുമ്പുണ്ടായിരുന്ന കേരളത്തിലെ ജാതി വ്യവസ്ഥകളെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിച്ച നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച നോവൽ സാമുദായിക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പിൻവലിച്ചിരുന്നു.