ജോൺ ബ്രിട്ടാസിനെതിരെ പ്രതിഷേധിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസും സി.പി.എമ്മും സംസ്ഥാനത്ത് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന വാദവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു മതസംഘടനയുടെ വേദിയിൽ മറ്റ് ഗ്രൂപ്പുകൾക്കെതിരെ പ്രസംഗിച്ച ബ്രിട്ടാസിനെതിരെ പൊലീസ് കേസെടുക്കാത്തത് അപലപനീയമാണെന്നും മുസ്ലിം സമുദായത്തിനിടയിൽ ഭയവും വിദ്വേഷവും സൃഷ്ടിച്ച് സംസ്ഥാനത്തിന്‍റെ സമാധാന ജീവിതം തകർക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള ചർച്ചയിൽ അർത്ഥമില്ലെന്നും സംഘർഷമാണ് വേണ്ടതെന്നും പറഞ്ഞ ബ്രിട്ടാസിന്‍റെ വാക്കുകൾ ഭീകരവാദം കൂടുതൽ തീവ്രമാക്കാൻ മാത്രമേ ഉപകരിക്കൂ. അതേ വേദിയിൽ സംഘപരിവാറിനെ നേരിടാൻ സി.പി.എമ്മിന് കീഴിൽ എല്ലാ മുസ്ലിങ്ങളും ഒന്നിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. മതങ്ങളെ വിഭജിക്കുന്ന ചോരയൊലിക്കുന്ന ചെന്നായ്ക്കളായി സി.പി.എം മാറിയെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

രാജ്യത്ത് മുസ്‍ലിംകൾ അപകടത്തിലാണെന്നും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കുമിടയിൽ ഐക്യം സാധ്യമല്ലെന്നുമാണ് ഇവരുടെ ഭാഷ്യം. മുസ്‍ലിംകൾക്ക് ജീവിക്കാൻ സാധ്യമല്ലാത്ത സാഹചര്യമുള്ളത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണെന്നത് ബ്രിട്ടാസ് മറക്കരുതെന്നും സുരേന്ദ്രൻ ഓർമിപ്പിച്ചു.