നരബലി കേസിന് പിന്നിൽ തീവ്രവാദ സംഘടനാ സ്വാധീനം സംശയിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ

കൊച്ചി: ഇലന്തൂരിലെ നരബലി കേസിലെ പ്രതികൾക്ക് മതതീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കിയ ഈ കുറ്റകൃത്യം വെറുമൊരു മനുഷ്യബലി മാത്രമല്ല. കൂട്ടക്കൊലയ്ക്ക് പിന്നിൽ തീവ്രവാദ സംഘടനയുടെ സ്വാധീനമുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തൽ. ഷാഫിയെക്കുറിച്ച് മനസ്സിലായ കാര്യങ്ങൾ തുറന്ന് പറയാൻ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇത് മനുഷ്യ മനസാക്ഷിയെ പിടിച്ചുകുലുക്കിയ നരബലിയാണ്. ഈ സംഭവം കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിക്കാൻ പ്രേരിപ്പിക്കണം. പ്രതികളിൽ ഒരാൾ ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനും സി.പി.എം നേതാവുമാണ്. എന്തുകൊണ്ടാണ് ഭരണകക്ഷിയും അതിന്‍റെ നേതാവും ശരിയായ അഭിപ്രായം പറയാൻ തയ്യാറാകാത്തത്? എന്തുകൊണ്ടാണ് ഭഗവൽ സിങ്ങിനെതിരെ സി.പി.എം നടപടിയെടുക്കാത്തത്?

ഇത്തരമൊരു സംഭവം കേരളത്തിന് പുറത്ത് നടന്നിരുന്നെങ്കിൽ സാംസ്കാരിക നായകരുടെ പ്രതികരണങ്ങൾ എങ്ങനെയാകുമായിരുന്നു? അർബൻ നെക്സലുകളും മെഴുകുതിരി പ്രകടനങ്ങളും എവിടെ? എൽദോസ് കുന്നപ്പിള്ളിക്കെതിരെ സർക്കാരിന് എന്താണ് പറയാനുള്ളത്? ഒരു നടപടിയും ഉണ്ടാകാൻ പോകുന്നില്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ, കോൺഗ്രസ് നേതാക്കൾ എന്താണ് മിണ്ടാത്തത് എന്നും ചോദിച്ചു.