കെ. സുരേന്ദ്രന്റെ മകന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ അനധികൃത നിയമനമെന്ന് ആരോപണം

തിരുവനന്തപുരം: കേന്ദ്രസർക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കുള്ള നിയമനം വിവാദത്തില്‍. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രന്‍റെ മകൻ ഹരികൃഷ്ണൻ കെ.എസിനെയാണ് ഈ സ്ഥാനത്തേക്ക് നിയമിച്ചത്. ലഭ്യമായ വിവരങ്ങൾ വിരൽ ചൂണ്ടുന്നത് ഹരികൃഷ്ണന്‍റേത് ഒരു ബന്ധുനിയമനമാണ് എന്ന വസ്തുതയിലേക്കാണ്.

നിയമനത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടുമ്പോൾ കൃത്യമായ വിശദീകരണം നൽകുന്നില്ലെന്ന് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ പറഞ്ഞു. ഉദ്യോഗാർത്ഥികളെ ബന്ധപ്പെട്ടപ്പോഴാണ് നിയമനം നടന്നിട്ടില്ലെന്ന് ഉദ്യോഗാർത്ഥികൾ അറിഞ്ഞതെങ്കിലും ഹരികൃഷ്ണൻ കെ.എസിനെ ജൂണിൽ ആർ.ജി.സി.ബിയിൽ നിയമിച്ചിരുന്നു.

കഴിഞ്ഞ വർഷം 2018 ഡിസംബർ എട്ടിന് ടെക്നിക്കൽ ഓഫീസർമാർ ഉൾപ്പെടെ മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, b.tech മെക്കാനിക്കൽ ഇൻസ്ട്രുമെന്‍റേഷൻ ഡിഗ്രിയിൽ 60 ശതമാനം മാർക്ക് ഈ തസ്തികയുടെ അടിസ്ഥാന യോഗ്യതയായി നിഷ്കർഷിച്ചിരുന്നു. M.Tech ഉള്ളവർക്ക് മുൻഗണന നൽകുമെന്നും വിജ്ഞാപനത്തിൽ പറയുന്നു. പിന്നാക്ക വിഭാഗങ്ങൾക്കായി സംവരണം ചെയ്തതാണ് ഈ തസ്തിക. മുൻകാലങ്ങളിൽ, സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരികളെ നിയമിച്ചിരുന്നു.