കെ. സുരേന്ദ്രന്‍ പങ്കെടുക്കുന്ന യോഗത്തിന്റെ പ്രഖ്യാപനം നടത്തിയ ജീപ്പ് തടഞ്ഞു; ഡ്രൈവർക്ക് മർദ്ദനം
റാന്നി: പത്തനംതിട്ട പെരുനാട്ടിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പങ്കെടുക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്‍റെ പ്രഖ്യാപനം നടത്തുകയായിരുന്ന ജീപ്പ് ഒരു സംഘം ആളുകൾ തടഞ്ഞ് നിർത്തി ഡ്രൈവറെ മർദ്ദിച്ചു. മിക്സറും ആംപ്ലിഫയറും ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് നാശനഷ്ടമുണ്ടായി. സൗണ്ട്‌സ് ഉടമ ടി ജ്യോതിമോനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. സിപിഎം നേതാവിന്‍റെ മകനാണ് ആക്രമണത്തിന് നേതൃത്വം നൽകിയതെന്നും ഇവർ പറഞ്ഞു. പഞ്ചായത്തിലെ വിവിധ വിഷയങ്ങളെച്ചൊല്ലി പെരുനാട് സിപിഎം-ബിജെപി പ്രവർത്തകർക്കിടയിൽ തർക്കം നിലനിൽക്കുന്നുണ്ട്. വ്യക്തിയെ അപമാനിക്കുന്ന തരത്തിലുള്ള അനൗൺസ്മെന്റ് നടത്തിയതാണ് അക്രമത്തിന് കാരണമെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പെരുനാട് പൊലീസ് പറഞ്ഞു.
പെരുനാട് മുണ്ടൻമലയിൽ ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയായിരുന്നു സംഭവം. രാവിലെ 9.30 മുതലാണ് വിശദീകരണ യോഗത്തിന്‍റെ അനൗൺസ്മെന്റ് നടത്തിയത്. ജ്യോതിമോൻ മാത്രമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
“വൈകുന്നേരം 4 മണിയോടെ പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു ഫോൺ കോൾ വന്നു. അനൗൺസ്‌മെന്റിന് അനുവാദം നൽകിയിട്ടില്ലെന്നും നിങ്ങളെ ഉപദ്രവിക്കാൻ ആൾക്കാർ എത്തുന്നുണ്ടെന്നും അറിയിച്ചു. എത്രയും വേഗം അനൗൺസ്‌മെന്റ് നിർത്തി ബോക്‌സും മറ്റും അഴിച്ച് മാറ്റി പൊലീസ് സ്‌റ്റേഷനിലേക്ക് ജീപ്പുമായി എത്താനും നിർദേശിച്ചു. ഉടൻ മൈക്ക് ഓഫ് ചെയ്ത് ജീപ്പ് മുന്നോട്ടെടുത്തപ്പോഴേക്കും ബൈക്കിലെത്തിയ രണ്ടുപേർ വാഹനം തടഞ്ഞുനിർത്തി താക്കോലൂരിയെടുത്തു. ജീപ്പിലുണ്ടായിരുന്ന ആംപ്ലിഫയറും മിക്‌സറും പുറത്തേക്ക് എറിഞ്ഞ് നശിപ്പിച്ചു. വീണ്ടും മർദ്ദനം തുടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തി ബലമായി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു.” സംഭവത്തെ കുറിച്ച് ജ്യോതിമോൻ പറഞ്ഞു.
തന്നെ കൊന്നുകളയുമെന്നും ജീപ്പ് കത്തിക്കുമെന്ന് പറഞ്ഞുവെന്നും ജ്യോതിമോൻ കൂട്ടിച്ചേർത്തു. എസ്.സി വിഭാഗത്തിൽപെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറി റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നുവെന്നും ജ്യോതിമോൻ പറഞ്ഞു.