‘കാപ്പ’ ഷൂട്ടിംഗ് പൂര്‍ത്തിയായി; കലിപ്പ് ലുക്കില്‍ പൃഥ്വിരാജ്

പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കാപ്പ’. ‘കടുവ’ എന്ന വമ്പൻ ഹിറ്റിന് ശേഷം ഷാജി കൈലാസിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് വീണ്ടും നായക വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ‘കാപ്പ’യുടെ ചിത്രീകരണം പൂർത്തിയായതായി അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്.

‘കൊട്ട മധു’ എന്നാണ് പൃഥ്വിരാജിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ‘കൊട്ട മധു’ എന്ന പേരിൽ മാസ് ലുക്കിലുള്ള തന്‍റെ ചിത്രം ഉൾപ്പെടുത്തിയാണ് പൃഥ്വിരാജ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ജി ആർ ഇന്ദുഗോപൻ എഴുതിയ ‘ശംഖുമുഖി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഇന്ദു ഗോപനാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തോടെ ആരംഭിച്ച തിയേറ്റർ ഓഫ് ഡ്രീംസ്, ഫെഫ്കെ റൈറ്റേഴ്സ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് ചിത്രം നിർമ്മിക്കുന്നത്.