കക്കി–ആനത്തോട് അണക്കെട്ട് തിങ്കളാഴ്ച 11 മണിക്ക് തുറക്കും

സീതത്തോട്: സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയിലെ കക്കി-ആനത്തോട് ഡാമിന്‍റെ ഷട്ടർ തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. റിസർവോയറുകളിലെ ജലനിരപ്പ് റൂൾ കർവിൽ എത്തിയതോടെയാണ് ഷട്ടറുകൾ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റൂൾ കർവ് കമ്മിറ്റി ഞായറാഴ്ച ഉച്ചയോടെ അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷനു നൽകി. 975.75 മീറ്ററാണ് ആനത്തോട് ഡാമിന്‍റെ റൂൾ കർവ്. ഞായറാഴ്ച വൈകുന്നേരത്തോടെ ജലനിരപ്പ് 975.70 മീറ്ററിലെത്തി.

ആനത്തോട് ഡാമിന്‍റെ 4 ഷട്ടറുകളിലൂടെ 100 ക്യുമെക്സ് വെള്ളം തുറന്നുവിടും. ഷട്ടറുകൾ 2 അടി ഉയർത്താൻ അനുവാദമുണ്ട്. നിലവിലെ ജലനിരപ്പ് അനുസരിച്ച്, ഏകദേശം 50 ക്യുമെക്സിൽ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുകാൻ കഴിയില്ല. 100 ക്യുമെക്സ് തുറന്നുവിട്ടാലും പമ്പാനദിയിലെ ജലനിരപ്പ് പരമാവധി 30 സെന്‍റീമീറ്ററിൽ കൂടുതൽ ഉയരില്ല. തുറന്നുവിടുന്ന വെള്ളം ആനത്തോട് കക്കയാർ വഴി 2 മണിക്കൂറിനുള്ളിൽ പമ്പ ത്രിവേണിയിലെത്തും. പമ്പാ നദി വഴി ജനവാസ മേഖലയായ അട്ടത്തോട്ടിലും തുടർന്ന് പെരുനാട് പഞ്ചായത്തിലെ മൂലക്കയത്തും എത്തും.

കക്കി-ആനത്തോട് ഡാമിന്‍റെ സംഭരണ ശേഷി 981.456 മീറ്ററാണ്. രണ്ട് ഡാമുകളിലെയും ജലസംഭരണികൾ ഒരുമിച്ചാണ് കിടക്കുന്നതെങ്കിലും ആനത്തോട് ഡാമിന് മാത്രമാണ് ഷട്ടർ ഉള്ളത്. നിലവിലെ സാഹചര്യത്തിൽ ജലനിരപ്പ് 5 മീറ്ററോളം ഉയർന്നാൽ മാത്രമേ റിസർവോയർ പൂർണമായി നിറയുകയുള്ളൂ. സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ഡാമുകൾ പൂർണ്ണമായും നിറയുന്നതിന് മുമ്പ് ഷട്ടറുകൾ റൂൾ കർവ് അടിസ്ഥാനത്തിൽ തുറക്കുന്നത്.