എ.ഐ.എഫ്.എഫ് പ്രസിഡന്റ് സ്ഥാനം ഉറച്ചിച്ച് കല്യാണ്‍ ചൗബെ; ബൂട്ടിയക്ക് കനത്ത തോല്‍വി

ന്യൂഡല്‍ഹി: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരം കല്യാൺ ചൗബെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ (എഐഎഫ്എഫ്) പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. അതേസമയം, ചൗബെയ്ക്ക് എതിരെ മത്സരിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയ്ക്ക് കനത്ത തോൽവിയാണ് നേരിടേണ്ടി വന്നത്. ഒരു വോട്ട് മാത്രമാണ് താരത്തിന് ലഭിച്ചത്.

എ.ഐ.എഫ്.എഫിന്‍റെ പ്രസിഡന്‍റാകുന്ന ആദ്യ ഫുട്ബോൾ താരമാണ് ചൗബെ. പശ്ചിമ ബംഗാൾ സ്വദേശിയായ അദ്ദേഹം മുൻ ഇന്ത്യൻ ഗോൾകീപ്പർ കൂടിയാണ്. കല്യാൺ ചൗബയെ ഗുജറാത്ത്, അരുണാചൽ പ്രദേശ് അസോസിയേഷനുകളാണ് നാമനിർദ്ദേശം ചെയ്തത്. കളിയിൽ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച ചൗബെ ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍നിന്ന് ബി.ജെ.പി. ടിക്കറ്റില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല.

34 സംസ്ഥാന അസോസിയേഷനുകൾക്കാണ് വോട്ടവകാശമുള്ളത്. 14 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സുപ്രീം കോടതി നീക്കം ചെയ്തിരുന്നു.